2015 ജനുവരി 26, തിങ്കളാഴ്‌ച

പണത്തിനു മീതെ ലാലിനു പറക്കാനാകുമോ...




 
തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പരിച്ഛേദമായി നിലകൊള്ളുമ്ബോള്‍ പണിപൂര്‍ത്തിയാക്കാത്ത കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍നിന്ന് സൂപ്പര്‍ താരം മോഹന്‍ലാലിന് ലഭിച്ച പോസിറ്റീവ് എനര്‍ജി എന്തായിരിക്കും. അഴിമതിയുടെയും കൊള്ളയുടെയും കെടുകാര്യസ്ഥതയുടെയും കഥകള്‍ പറയുന്ന ദേശീയ ഗെയിംസുകളില്‍ നിന്ന് വ്യത്യസ്ത അനുഭവം സൃഷ്ടിക്കാന്‍ കേരളത്തിനു കഴിയുമെന്നായിരുന്നു 35-ാം ഗെയിംസ് ഈ കൊച്ചുസംസ്ഥാനത്തെ ഏല്‍പ്പിക്കുമ്ബോള്‍ എല്ലാ മലയാളികളുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷ അസ്ഥാനത്തായെന്നത് ഏവര്‍ക്കും അറിയുന്ന സത്യവുമാണ്. അഴിമതിയുടെയും പണിപൂര്‍ത്തിയാകാത്ത കളിസ്ഥലങ്ങളുടെയും വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയായ കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നടന്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്.
 അന്ന് തനിക്കൊരു പോസിറ്റീവ് അനുഭവമാണുണ്ടായതെന്നാണ് താരം പറഞ്ഞത്. അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും കൊണ്ട് 'സമ്ബന്നമായ' ദേശീയ ഗെയിംസ് ഒരു പോസിറ്റീവ് അനുഭവവും മലയാളിക്ക് സമ്മാനിക്കുന്നില്ലായെന്നയാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് മോഹന്‍ലാലിന്റെ 'പോസിറ്റീവിസം' എത്തിയത്. മോഹന്‍ലാല്‍ സന്ദര്‍ശിച്ച കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ പണികള്‍ പോലും ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നു വ്യക്തമാണ്. പൂര്‍ത്തിയാക്കിയ പണികളാകട്ടെ ഗുണനിലവാര പരിശോധനേയതും ഇല്ലാതെയാണ് നടത്തിയിട്ടുള്ളതും. പൂര്‍ത്തിയായി എന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഇതിന്റെ പിന്നിലെ ഇദ്ദേശ്യം. മോഹന്‍ലാലിന്റെ ലാലിസം എന്ന ഷോയ്ക്ക് രണ്ടുകോടി ലഭിച്ചതുകൊണ്ട് പോസിറ്റീവ് അനുഭവം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആര്‍ക്ക് കാശ് കിട്ടിയാലും സമാന അനുഭവം ഉണ്ടാകും. മനോരമയ്ക്ക് 10 കോടി ലഭിച്ചപ്പോള്‍ അവര്‍ അനുഭവിച്ച പോസിറ്റീവ് അനുഭവത്തില്‍ നിന്നുണ്ടായ അത്യാഹ്ലാദവും ആവേശവും മലയാളികള്‍ കണ്ടതാണ്. ലോട്ടറിയടിക്കുന്നവന്റെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയിലെ കായിക മേഖലയില്‍ പൊതുവെ ഉണ്ടായിട്ടുള്ള അഴിമതിയുടെയും കൊള്ളയുടെയും കഥകള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ളവരാണ്. 
 
കേരളമെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കുമെന്നും ഇന്ത്യയ്ക്കാകെ മാതൃകയാകുമെന്നും നമ്മള്‍ പ്രതീക്ഷിച്ചു. ആ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായത്. നിറം പിടിച്ച മറ്റ് കോഴക്കഥകള്‍ കൊണ്ട് രാഷ്ട്രീയാന്തരീക്ഷം മുഖരിതമായതുകൊണ്ടാണ് തല്‍ക്കാലം ഇവര്‍ രക്ഷപ്പെട്ടു നില്‍ക്കുന്നത്. കേരളം വളരെ പ്രതീക്ഷയോടെയാണ് 35-ാം ദേശീയ ഗെയിംസിനെ വരവേറ്റത്. ദേശീയ ഗെയിംസ് കഴിയുമ്ബോഴേക്കും നമ്മുടെ സ്റ്റേഡിയങ്ങളും കായിക സാഹചര്യങ്ങളും മികവുറ്റതാകുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അത്. കേരളത്തിലെ സമ്ബന്നമായ കായിക പാരമ്ബര്യത്തെ ഉജ്ജീവിപ്പിക്കുമെന്നും മലയാളി സമൂഹം കരുതി. കേരളത്തില്‍ സുതാര്യതയോടുകൂടി മേള നടത്തപ്പെടുമെന്ന ധാരണയും പൊതുവില്‍ പരന്നിരുന്നു. 35-ാം ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ച്‌ കിട്ടിയിട്ട് 5 വര്‍ഷം കഴിഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധാരാളം സമയം ലഭിച്ചു എന്നര്‍ത്ഥം. എന്നാല്‍ ഈ ദീര്‍ഘമായ കാലയളവ് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. അഴിമതിക്കാരുടെ ഏറ്റവും വലിയ തന്ത്രമാണ് ഇവിടെയും നാം കണ്ടത്. നിര്‍മ്മാണപ്രവൃത്തികള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുക, അവസാന നിമിഷം ധൃതിയില്‍ പണി പൂര്‍ത്തീകരിച്ചു എന്ന് വരുത്തിത്തീര്‍ക്കുക എന്നതാണത്. കാരണം നിര്‍ദ്ദിഷ്ട സമയത്ത് പൂര്‍ത്തീകരിക്കുന്നതിനായി ഒട്ടേറെ ഇളവുകള്‍ അനുവദിച്ച്‌ കിട്ടും. ടെണ്ടര്‍ വ്യവസ്ഥകളില്‍ ഇളവു വരുത്തും. കൃത്യമായ ഗുണനിലവാര പരിശോധന ഒഴിവാക്കപ്പെടും. ഇവിടെയും അതെല്ലാമാണ് നടന്നിട്ടുള്ളത്. എങ്ങനെയെങ്കിലും ഗെയിംസിന് സ്റ്റേഡിയങ്ങളെ സജ്ജമാക്കുക എന്നതുമാത്രമാണ് ഇപ്പോഴത്തെ ഉദ്ദേശ്യം. അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതാണ് അഴിമതിക്കാരുടെ ഉദ്ദേശ്യവും. ദേശീയ ഗെയിംസ് കഴിഞ്ഞതിനുശേഷം എത്രകാലം ഈ സ്റ്റേഡിയങ്ങള്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഒപ്പിച്ചു വയ്ക്കലിന്റെ ദോഷങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂ. 600 കോടിയുടെ ഗുണഫലങ്ങള്‍ കേരളത്തിലെ കായിക മേഖലയില്‍ പ്രതിഫലിക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. കേരളത്തിന് അഭിമാനമായ ധാരാളം കായികതാരങ്ങള്‍ 35-ാം ദേശീയ ഗെയിംസിന്റെ വെറും കാഴ്ചക്കാര്‍ മാത്രമാണ്. മലയാളികളുടെ അഭിമാനമായ പി ടി ഉഷയെപ്പോലുള്ള നിരവധിപേര്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 
 
മനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് 10 കോടി നല്‍കിയതിശേഷം മറ്റ് മാദ്ധ്യമങ്ങള്‍ കണ്ടെത്തിയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകള്‍ക്ക് ഇപ്പോള്‍ അവസാനമായ മട്ടാണ്. ഇതര മാദ്ധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും പിആര്‍ഡിഡി പരസ്യം വാരിക്കോരി നല്‍കിയാണ് വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറപ്പിച്ചത്. കാശ് ലഭിച്ചാല്‍ ഏതു വാര്‍ത്തയും നമസ്‌ക്കരിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ കാലം മാറിയെന്ന തിരിച്ചറിവ് ഇവര്‍ക്ക് ഉണ്ടാകുന്നത് നന്ന്. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള സമാന്തരമായ മറ്റൊരു ആശയ വിനിമയ മേഖല ശക്തി പ്രാപിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതു സമൂഹത്തിന് ഇവരുടെ സഹായമില്ലാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും സംവാദിക്കാനും കഴിയുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: