2015 ജനുവരി 27, ചൊവ്വാഴ്ച

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി


 

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐഎംആര്‍ബി ഇന്റര്‍നാഷണലുമായി ചേര്‍ന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2013 ഡിസംബര്‍ അവസാനം 213 മില്യണ്‍ ഉപഭോക്താക്കളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് 32 ശതമാനം വളര്‍ന്ന് 302 മില്യണാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഈ കുതിച്ചു ചാട്ടത്തിന് പിന്നില്‍. ജൂണ്‍ 2015 ഓടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 354 മില്യണായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 600 മില്യണ്‍ ഉപഭോക്താക്കളുള്ള ചൈന എണ്ണത്തില്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള യുഎസിലാകട്ടെ 279 മില്യണ്‍ ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: