2015 ജനുവരി 28, ബുധനാഴ്‌ച

വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച്‌ ആപ്പിള്‍


 

കാല്‍വര്‍ഷത്തെ കണക്കെടുപ്പില്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ച്‌ കൊണ്ട് ആപ്പിള്‍ കമ്ബനി ബഹുദൂരം മുന്നില്‍. 74.5 മില്ല്യണ്‍ ഐ ഫോണുകളാണ് ഈ കാലയളവില്‍ ആപ്പിള്‍ ലോകമെങ്ങും വിറ്റ് തീര്‍ത്തത്. അതായത് മൂന്ന് മാസത്തിനുള്ളില്‍ ആപ്പിളിനുണ്ടായ ലാഭം 1800 കോടി ഡോളര്‍. ഈ സാമ്ബത്തിക വര്‍ഷത്തെ ത്രൈമാസ കണക്കെടുപ്പലാണ് എല്ലാ റെക്കോഡുകളേയും തകര്‍ത്ത് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയ കാര്യം വ്യക്തമായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 5700 കോടി ഡോളറായിരുന്നു ആപ്പിളിന്റെ നേട്ടമെങ്കില്‍ ഇത്തവണ അത് 7400 കോടി ഡോളറാണ്. ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ കമ്ബനി ഇത്രയും വലിയ ലാഭം കൊയ്യുന്നത്. ചൈനയില്‍ ഐഫോണ്‍ വില്‍പനയ്ക്ക് 70 ശതമാനം വര്‍ദ്ധനവുണ്ടായതാണ് ആപ്പിളിനെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. അതോടൊപ്പം ബ്രസീലിലേയും സിംഗപ്പൂരിലേയും ഐ ഫോണ്‍ വില്‍പ്പന ഇരട്ടിച്ചതും ആപ്പിളിന് ഗുണകരമായി. ആപ്പിളിന്റെ മറ്റൊരു സങ്കേതമായ ആപ്പിള്‍ പേയില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും ഇത് താമസിയാതെ അമേരിക്കയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും സിഇഒ ടിം കുക്ക് അറിയിച്ചു. ക്രെഡിറ്റ്കാര്‍ഡുകള്‍ക്ക് പകരം സ്മാര്‍ട്ട് ഫോണുപയോഗിച്ച്‌ പണമടയ്ക്കാനുള്ള മാര്‍ഗമാണ് ആപ്പിള്‍ പേ. ആപ്പിള്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ആപ്പിള്‍ വാച്ച്‌ അടുത്ത ഏപ്രിലില്‍ വിപണിയിലെത്തുമെന്നും കുക്ക് വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: