2015 ജനുവരി 28, ബുധനാഴ്‌ച

തുറന്നടിച്ച്‌ മാണി, രാജിവെയ്ക്കില്ല; ബജറ്റ് ഞാന്‍ തന്നെ അവതരിപ്പിക്കും


 


തിരുവനന്തപുരം: അഴിമതിക്കാരനാണെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ താന്‍ അഴിമതിക്കാരനാവില്ലെന്ന് മന്ത്രി കെ.എം. മാണി. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു നിയമസഭാംഗമാണ് ഞാന്‍. അതുകൊണ്ടുതന്നെ തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നിലവിലുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും താന്‍ രാജിവെച്ചാല്‍ ജോസ് കെ മാണിയെ പിന്‍ഗാമിയാക്കാനാവില്ലെന്ന പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവന ആവശ്യമില്ലാത്തതാണെന്നും മാണി പറഞ്ഞു. ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ല കഴിഞ്ഞ മൂന്നു മാസമായി ബാര്‍ കോഴ എന്നു പറഞ്ഞ് തന്നെ വേട്ടയാടുകയാണെന്ന് മാണി പറഞ്ഞു. ഇതിനുപിന്നില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ്. അതിനുപിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാവില്ലെന്നും മാണി പറഞ്ഞു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകളുടെയും വസ്തുതകളുടെയോ പിന്‍ബലമില്ല. എന്റെ വകുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത, സര്‍ക്കാര്‍ നയപരമായി കൂട്ടായിതീരുമാനമെടുത്തതാണ് മദ്യനയം. എന്നാല്‍ ഞാനാണ് ഇതിന് പിന്നിലെന്ന് വൈരാഗ്യത്തോടെ ചിലര്‍ പ്രചാരണം നടത്തുകയും ആക്ഷേപിക്കുകയും ചെയ്തു. എന്നെ കല്ലെറിയുന്നവര്‍ കല്ലെറിയട്ടെ. ഓരോ കല്ല് എനിക്കുനേരെ എറിയുമ്ബോഴും എനിക്ക് നൂറുമേനി ജനപിന്തുണ കൂടുകയാണ്. വീട്ടില്‍ പണമെണ്ണുന്ന യന്ത്രമില്ല എനിക്കെതിരെ ആദ്യം പത്തുലക്ഷത്തില്‍ കോഴ അരോപണം തുടങ്ങി പിന്നീട് 30 കോടിയിലെത്തി. സാങ്കല്‍പിക കഥകള്‍ ഇങ്ങനെ പ്രചരിപ്പിക്കുകയാണ്. എന്റെ വീട്ടില്‍ പണമെണ്ണുന്ന യന്ത്രമുണ്ടെന്നുപോലും ആരോപണമുയര്‍ന്നു. മാന്യന്‍മാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മാധ്യമങ്ങള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത്. ഇതുവരെ ഏതെങ്കിലും കേസില്‍ എന്നെ പിടിച്ചിട്ടുണ്ടോ. ഏഷണിയും കള്ളപ്രചാരണങ്ങളും കൊണ്ട് എന്നെ തകര്‍ക്കാമെന്ന് ആരും വിചാരിക്കേണ്ട. ആരോപണമുന്നയിച്ചവര്‍ കൊണ്ടുവന്നത് വ്യാജരേഖകള്‍ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് ഞാനല്ല. നിയമപ്രശ്നങ്ങള്‍ മാത്രമാണ് നിയമവകുപ്പുമായി ആലോചിക്കാറുള്ളത്. എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി കൊണ്ടുവന്നതെല്ലാം വ്യാജരേഖകളാണ്. ആരോപണമുന്നയിച്ചവര്‍ അത് തെളിയിക്കേണ്ടതില്ലെന്നും ആരോപണവിധേയര്‍ അത് തെളിയിക്കണമെന്നുമാണ് ഇപ്പോഴത്തെ വാദം. ബ്ലാക്മെയില്‍ കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രഫഷണല്‍ മാര്‍ക്കറ്റിംഗിന്റെയും ഇവന്റ് മാനേജ്മെന്റിയും കാലഘട്ടമാണ് ഇപ്പോള്‍. പൈസയുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ആടിനെ പട്ടിയാക്കാം. 13ന് തന്നെ ബജറ്റ് അവതരിപ്പിക്കും നികുതിയിളവുകൊടുത്ത് അഴിമതി നടത്തിയെന്നാണ് മറ്റൊരു ആരോപണം. നികുതിയിളവ് കൊടുത്തത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ അല്ല. വിഭാഗത്തിനാണ്. മുമ്ബും ധനകാര്യമന്ത്രിമാര്‍ ഇത്തരത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നികുതിയിളവ് നല്‍കുന്നത് അഴിമതിക്കാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. ഇതൊന്നും രഹസ്യമായി ചെയ്യുന്നതല്ല. ധനകാര്യമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നപ്രതിപക്ഷ നിലപാട് അപമാനകരമാണ്. 13ന് താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും. 13 നിര്‍ഭാഗ്യ നമ്ബറാണെന്ന് ഞാ കരുതുന്നില്ല. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നത് വ്യാജ പ്രചാരണമാണ്. കാലിനൊരു മുട്ടുവേദനയുണ്ട്. അതിന് ധന്വന്തരം കുഴമ്ബു പുരട്ടിയാല്‍ മതി. അതിന് അമേരിക്കയിലേക്ക് പോയി സര്‍ക്കാരിന്റെ കാശു കളയേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു. തനിക്കെതിരെ നടന്ന ഗൂഢാലോചന മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും മാണി പറഞ്ഞു. മണി ഓര്‍ഡറുകള്‍ കാരുണ്യ പദ്ധതിയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മകള്‍ തനിക്ക് അയക്കുന്ന മണി ഓര്‍ഡര്‍ കാരുണ്യ പദ്ധതിയിലേക്ക് നല്‍കുമെന്നും മണി ഓര്‍ഡറുകളൊന്നും നിരസിക്കില്ലെന്നും മാണി പറഞ്ഞു. അതുകൊണ്ട് മണി ഓര്‍ഡറുകള്‍ അയക്കുന്നവര്‍ ഇനിയും അയക്കട്ടെയെന്നും മാണി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: