2015 ജനുവരി 31, ശനിയാഴ്‌ച

'പീഡനം മറന്നേക്കൂ, 41,000 രൂപ വാങ്ങൂ': യുവതിയോട് പഞ്ചായത്ത്

പാട്‌ന: പീഡനത്തിനെതിരെ പരാതി കൊടുക്കരുതെന്ന് ദളിത് യുവതിക്ക് പഞ്ചായത്ത് നല്‍കിയ നിര്‍ദ്ദേശവും നഷ്ടപരിഹാരമായി 41,000 രൂപ യുവതിക്ക് നല്‍കണമെന്ന് പ്രതിക്ക് നല്‍കിയ നിര്‍ദ്ദേശവും വിവാദമാകുന്നു. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ കോധ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. പരാതിയുമായി പഞ്ചായത്തിനെ സമീപിച്ച യുവതിക്കാണ് ഈ നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍, പീഡനത്തിനിരയായ ദളിത് യുവതിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് പ്രതി വ്യക്തമാക്കി. ഇതിനെതിരെ വീണ്ടും പഞ്ചായത്തില്‍ യുവതി പരാതിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇതറിഞ്ഞ പ്രതി മറ്റൊരാള്‍ക്കൊപ്പം യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ച്‌ പൊള്ളലേല്‍പ്പിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്. പ്രതിയുടെ സഹായി പോലീസിന്റെ പിടിയിലായി. പ്രതി ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തംഗങ്ങള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പലസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: