2015 ജനുവരി 28, ബുധനാഴ്‌ച

പെഷവാറിലെ ടീച്ചര്‍മാരുടെ കയ്യില്‍ ഇനി തോക്കും

peshavarile deecharmarude kayyil ini thokkum
ലോകമനസാക്ഷിയെ ഞെട്ടിച്ച പെഷവാര്‍ കൂട്ടക്കൊലയ്ക്ക് ശേഷം വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ അധ്യാപികമാര്‍ പുതിയൊരു പഠനത്തിലാണ്; ക്ലാസ് റൂമില്‍ തോക്ക് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന പഠനത്തില്‍. സ്വയം രക്ഷയ്ക്കും കുട്ടികളുടെ രക്ഷയ്ക്കുമായാണ് അധ്യാപികമാര്‍ തോക്കു ഉപയോഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 16 ന് പെഷവാറിലെ സൈനിക സ്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 132 കുട്ടികളടക്കം 150 പേരാണ്. കഴിഞ്ഞ ആഴ്ച മുതലാണ് തോക്കുപയോഗിക്കാനുള്ള പരിശീലനം അധ്യാപികമാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ പരീശീലനമാണ് നല്‍കുന്നത്. ചുറ്റുമതില്‍ ഉയര്‍ത്തിയും സുരക്ഷ ശക്തമാക്കിയും കൂടുതല്‍ പോലീസുകാരെ നിയോഗിച്ചും പാകിസ്ഥാന്‍ ആക്രമണമുണ്ടായ ഉടനെതന്നെ വിദ്യാലയങ്ങളുടെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. സ്വകാര്യസ്കൂളുകള്‍ അധിക സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കണമെന്നും പാകിസ്ഥാന്‍ ഉത്തരവിട്ടിരുന്നു. ക്ലാസ് റൂമിലെ തോക്കുപയോഗം നിര്‍ബന്ധമെല്ലെന്നും സ്കൂളില്‍ തോക്ക് കൈവശം വെക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കുമെന്നും പ്രവിശ്യാവിദ്യാഭ്യാസമന്ത്രി അതിഫ് ഖാന്‍പറയുന്നു. പ്രവിശ്യയുടെ വിവരവിനിമയ മന്ത്രിയായ മുശ്താഖ് ഗാനിയും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും പ്രത്യേക പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ വിദ്യാലയങ്ങളും കലാലയങ്ങളും സര്‍വകലാശാലകളുമായി 35000ത്തോളം സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തക്ക പോലീസ് സന്നാഹം രാജ്യത്തില്ല. അതുകൊണ്ടാണ് തോക്കുപയോഗിക്കാന്‍ അധ്യാപികമാര്‍ക്ക് പരീക്ഷണം നല്‍കുന്നതെന്നും ഗാനി കൂട്ടിച്ചേര്‍ത്തു. അധ്യാപികമാരെ തോക്കുപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിനെതിരെ എതിര്‍പ്പുകളും രാജ്യത്ത് ഉയരുന്നുണ്ട്. ഒരു കയ്യില്‍ പേനയും മറുകയ്യില്‍ തോക്കും പിടിച്ച്‌ എങ്ങനെയാണ് ക്ലാസ്റൂമുകളില്‍ കുട്ടികളെ പഠിപ്പിക്കുകയെന്ന് ചോദിക്കുന്നു സ്വകാര്യ വിദ്യാലയങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്‍റ് മാലിക് ഖാലിദ് ഖാന്‍. അതല്ല ഞങ്ങളുടെ ജോലി. കുട്ടികളെ പുസ്തകങ്ങളില്‍ നിന്ന് അറിവ് പകര്‍ന്നു നല്‍കുകുയാണ് അധ്യാപകരുടെ ഉത്തരവാദിത്വം. ക്ലാസ് റൂമിലെ തോക്കേന്തിയ അധ്യാപകന്‍ കുട്ടികള്‍ക്ക് നല്‍ക്കുന്നത് നല്ല സന്ദേശമാകില്ലെന്നും പറയുന്നു മാലിക്.

അഭിപ്രായങ്ങളൊന്നുമില്ല: