2015 ജനുവരി 31, ശനിയാഴ്‌ച

മോദിയുടെ ഭാര്യയെക്കുറിച്ച്‌ വാര്‍ത്ത: അഹമ്മദാബാദിലെ ദൂര്‍ദര്‍ശന്‍ ഉദ്യോഗസ്ഥന് അന്തമാനിലേക്ക് സ്ഥലം മാറ്റം


 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിനെ കുറിച്ച്‌ ഗുജറാത്ത് ദൂരദര്‍ശനില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതിന് പിന്നാലെ ആ ദിവസം വാര്‍ത്താ സംപ്രേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ദൂര്‍ദര്‍ശന്‍ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. അഹമ്മദാബാദ് നിലയത്തിലെ അസി. ഡയരക്ടര്‍ വി.എം വനോലിനെയാണ് അന്തമാന്‍ ദ്വീപിലേക്ക് സ്ഥലം മാറ്റിയരത്. ജനുവരി ഒന്നിന് ഡിഡി ഗിര്‍നറില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്നാണ് സൂചന. വാര്‍ത്ത പുറത്തുവന്ന് രണ്ടാഴ്ചക്കുള്ളിലാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. 58കാരനായ വനോല്‍ അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് സ്ഥലം മാറ്റം. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ എന്തൊക്കെ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് ആരാഞ്ഞ് യശോദാ ബെന്‍ ഗുജറാത്ത് പൊലീസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെകുറിച്ചാണ് രണ്ട് മിനിറ്റുള്ള വാര്‍ത്ത ദൂര്‍ദര്‍ശന്‍ സംപ്രേഷണം ചെയ്തത്. എന്നാല്‍, സ്ഥലം മാറ്റം എഡിറ്റോറിയല്‍ നയത്തിന്റെ ഭാഗം മാത്രമാണ് എന്നും ഏതെങ്കിലും വാര്‍ത്തയുമായി ഇതിന് ബന്ധമില്ലെന്നും ദൂര്‍ദര്‍ശന്‍അധികൃതര്‍ അറിയിച്ചു. തന്നെ പോര്‍ട്ബ്ലയറിലേക്ക് സ്ഥലം മാറ്റിയ വിവരം വനോല്‍ സ്ഥിരീകരിച്ചു. എന്നാല്‍, എന്താണ് ഇതിന് കാരണമായതെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യശോദബെന്നിനെ കുറിച്ചുള്ള വാര്‍ത്ത സംപ്രേഷണം ചെയ്തതിനു പിറ്റേന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അഹമ്മദാബാദ് ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നു. അന്നത്തെ വാര്‍ത്താ സംപ്രേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന വനോല്‍ അടക്കം നാല് പേരോടാണ് വിശദീകരണം ചോദിച്ചത്. എന്നാല്‍, അതൊരു സാധാരണ കാര്യം മാത്രമായിരുന്നു എന്നും ഏതെങ്കിലും പ്രത്യേക വാര്‍ത്തയുമായി ബന്ധപ്പെട്ടായിരുന്നില്ല എന്നുമാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: