2015 ജനുവരി 28, ബുധനാഴ്‌ച

7,500 കോടിയുടെ അവകാശ ഓഹരിയുമായി ടാറ്റാമോട്ടോഴ്‌സ്


 

മുംബൈ: അവകാശ ഓഹരി വില്‍പനയിലൂടെ 7,500 കോടി രൂപ സമാഹരിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ടാറ്റാമോട്ടോഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പനയാണ് ഇത്. നിലവിലുള്ള ഓഹരി ഉടകള്‍ക്ക് കമ്ബനിയുടെ കൂടുതല്‍ ഓഹരി സ്വന്തമാക്കാനുള്ള അവസരമാണ് അവകാശ ഓഹരി എന്ന റൈറ്റ്‌സ് ഷെയര്‍ വില്‍പനയിലൂടെ ടാറ്റാ മോട്ടോഴ്‌സ് നല്‍കുന്നത്. വിപണി വിലയിലും കുറഞ്ഞ വിലയ്ക്ക് ആകര്‍ഷകമായി ഓഹരി സ്വന്തമാക്കാം എന്നതാണ് നേട്ടം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി മൂല്യത്തില്‍ 72 ശതമാനം വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ വിപണിയില്‍ വന്‍ ചലനം ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് ടാറ്റയുടെ അവകാശ ഓഹരി വില്‍പന. അവകാശ ഓഹരിയുടെ വിലയോ എത്ര ഓഹരികള്‍ വിപണിയില്‍ ഇറക്കുമെന്നോ ടാറ്റാ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. കടം കുറയ്ക്കാനും വികസന പ്രവര്‍ത്തനത്തിനുമാണ് പണം വിനിയോഗിക്കുക. ജാഗ്വാര്‍ ലാന്‍ഡ് ലോവര്‍ ഉള്‍പ്പെടെ ടാറ്റാ മോട്ടോഴ്‌സിന് 60,642 കോടി രൂപയുടെ കടമാണ് ഉള്ളത്. ആഭ്യന്തര പ്രവര്‍ത്തനങ്ങളുടെ കടം 17,046 കോടി രൂപയാണ്. 2008ല്‍ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ എസ്ബിഐ ആണ് രാജ്യത്തെ ഏറ്റവുംവലിയ അവകാശ ഓഹരി പുറത്തിറക്കിയത്. 16,736 കോടി രൂപയുടെ ആ ഓഹരിയുടെ ഗുണം ഏറെ ലഭിച്ചത് വലിയ ഓഹരി ഉടമയായ കേന്ദ്ര സര്‍ക്കാരിന് ആയിരുന്നു. ടാറ്റയുടെ തന്നെ കമ്ബനിയായ ടാറ്റാ സ്റ്റീല്‍ 9,134 കോടി രൂപ 2007ല്‍ അവകാശ ഓഹരിയിലൂടെ നേടിയിരുന്നു. ലണ്ടനിലെ കോഴ്‌സ് ഗ്രൂപ്പിനെ ഏറ്റെടുക്കാന്‍ ആണ് ഈ തുക വിനിയോഗിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: