2015 ജനുവരി 31, ശനിയാഴ്‌ച

ഗെറ്റ്, സെറ്റ്, പ്ലേ...ദേശീയ ഗെയിംസിന് തിരി തെളിഞ്ഞു


 

തിരുവനന്തപുരം: കായികഭാരതം രണ്ടാഴ്ചക്കാലത്തേക്ക് ഇനി ദൈവത്തിന്റെ സ്വന്തം നാട്ടില്‍. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. ഒളിംപ്യന്‍മാരും അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളും പങ്കെടുത്ത ദീപശിഖാ പ്രയാണത്തിനൊടുവില്‍ കെ.എം.ബീനാമോളില്‍ നിന്ന് ദീപശിഖ സ്വീകരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അത് ഒളിമ്ബ്യന്മാരായ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജ്ജിനും കൈമാറി. കായിക കേരളത്തെയും കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെയും സാക്ഷി നിര്‍ത്തി ഇരുവരും ചേര്‍ന്ന് കായികോത്സവത്തിന് തിരി തെളിച്ചു. ഇനിയുള്ള 14 ദിനങ്ങള്‍ കായികഭാരതത്തിന്റെ കണ്ണും കാതും കേരളത്തിലേക്കായിരിക്കും. ഗെയിംസിന് തിരി തെളിയുന്നതിന് മുന്നോടിയായി താരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച്‌ പാസ്റ്റ് നടന്നു. കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാര്‍ഖണ്ഡാണ് മാര്‍ച്ച്‌ പാസ്റ്റില്‍ ആദ്യം അണിനിരന്നത്. ഏറ്റവും ഒടുവിലായി 744 അംഗസംഘവുമായി കേരളവും മാര്‍ച്ച്‌ പാസറ്റില്‍ പങ്കെടുത്തു. ഒളിംപ്യന്‍ പ്രീജാ ശ്രീധരനാണ് കേരളാ സംഘത്തെ നയിച്ചത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായിഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡും കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വര്‍ണാഭമായ ചടങ്ങുകളാണ് ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം ബാന്‍ഡിന്റെ പ്രഥമ പ്രകടനത്തിനും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയാവും.

അഭിപ്രായങ്ങളൊന്നുമില്ല: