2015 ജനുവരി 28, ബുധനാഴ്‌ച

വിലയിടിവില്‍ തളരുന്ന പ്രവാസി സമൂഹം


 

ക്രൂഡോയിലിന്‌ വില കുത്തനെ കുറയുന്പോള്‍ തന്നെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യന്‍ സാന്പത്തിക മേഖലയെ ആശങ്കയിലാഴ്‌ത്തുന്നു. ക്രൂഡോയില്‍ വിലയിടിവിലൂടെ ഗള്‍ഫ്‌ രാജ്യങ്ങള്‍ സാന്പത്തിക പ്രതിസന്ധിയിലാകുന്നത്‌ പ്രവാസി മലയാളികളുടെ ജോലി സാധ്യതയെ ബാധിക്കുന്പോള്‍ തന്നെ രൂപയുടെ വിലയിടിയുന്നത്‌ കയറ്റുമതിയേയും ഇറക്കുമതിയേയും വലിയ തോതില്‍ സ്വാധീനിക്കുകയും ചെയ്യും. മാത്രമല്ല, ക്രൂഡോയിലിന്‍റെ ഉപോത്‌പന്നമായ സിന്തറ്റിക്‌ റബറിനും വിലയിടിയാന്‍ സാധ്യത നിലനിര്‍ത്തിയാണ്‌ ക്രൂഡോയില്‍ വിപണിയിലെ ചലനം. ഇതുമൂലം സ്വഭാവിക റബറിന്‌ നിലവില്‍ ലഭിക്കുന്ന വിലയും ഇല്ലാതാകുമോയെന്ന്‌ കര്‍ഷകരും പ്രവാസികളും ഒരേപോലെ ഭയക്കുന്നു. ഇത്തരത്തില്‍ ആശങ്കയുണര്‍ത്തുന്ന ഒട്ടേറെ ആശങ്കള്‍ ചര്‍ച്ച ചെയ്‌താണ്‌ അഹമ്മദാബാദില്‍ ഇന്നലെ പ്രവാസി ഭാരതീയ ദിവസ്‌ ആരംഭിച്ചത്‌. ക്രൂഡോയിലിനുള്ള വിലക്കുറവ്‌ തന്നെയായിരുന്നു പ്രവാസി ഭാരതീയ ദിവസിലെ ആദ്യ ദിനത്തില്‍ നടന്ന അനൗപചാരിക സെക്ഷനിലെ പ്രധാന ചര്‍ച്ചയും. ഗള്‍ഫ്‌ രാജ്യങ്ങളുടെ സാന്പത്തിക അടിത്തറ നിലനിര്‍ത്തുന്നത്‌ ക്രൂഡോയില്‍ തന്നെയാണ്‌. എന്നാല്‍ സമീപകാലത്തായി ക്രൂഡോയിലിന്‍റെ വില വലിയതോതില്‍കുറഞ്ഞു. ഇതോടെ ദുബായ്‌ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചു. ക്രൂഡോയിലിന്‍റെ ലാഭം ഗള്‍ഫ്‌നാടുകളിലെ ഭരണാധികാരികള്‍ക്കാണ്‌ ലഭിക്കുന്നത്‌. ലാഭം കുറയുന്നതോടെ നിര്‍മാണ മേഖലയിലുള്ള മുതല്‍മുടക്കിന്‌ ഭരണനേതൃത്വം മടിക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യം സൃഷ്‌ടിക്കില്ലെന്ന്‌ ഗള്‍ഫ്‌ ഭരണനേതൃത്വം പ്രസ്‌ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവാസികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്രവാസികളില്‍ ഏറേയും മലയാളികളാണെന്ന്‌ മാത്രമല്ല, കേരളത്തിലേക്കെത്തുന്ന പ്രവാസികളുടെ പണത്തെ ആശ്രയിച്ചാണ്‌ ഇവിടെ സന്പദ്‌മേഖലയ കെട്ടിപ്പെടുത്തിട്ടുള്ളതും. അതുകൊണ്ട്‌ തന്നെ പ്രവാസികളുടെ തൊഴില്‍ മേഖലയിലുണ്ടാകുന്ന ചെറിയൊരു തൊഴില്‍ അസ്വാരസ്യംപോലും കേരള വിപണിയിലും പ്രതിഫലിക്കുന്നത്‌ സ്വഭാവികം. ക്രൂഡോയിലിന്‍റെ വിലക്കുറവ്‌ മൂലം കേരളത്തില്‍ ചരക്ക്‌ നീക്കങ്ങള്‍ക്കും മറ്റും വില കുറയേണ്ടതാണെങ്കിലും ഡീസല്‍- പെട്രോള്‍ വിലയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താത്ത സാഹചര്യത്തില്‍ അതേപടി നിലനില്‍ക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ക്രൂഡോയിലിന്‍റെ വിലക്കുറവ്‌ സാധാരണക്കാര്‍ക്ക്‌ ആശ്വാസമാകുന്നുമില്ല. വിലയിടിവ്‌ ആസൂത്രിതമോ...? ക്രൂഡോയിലിന്‍റെ വിലക്കുറവ്‌ ആസൂത്രിതമാണെന്നാണ്‌ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികളില്‍ ഏറിയ പങ്കും വിശ്വസിക്കുന്നത്‌. അമേരിക്കയില്‍ ഷെയ്‌ല്‍ ഗ്യാസ്‌ കൂടുതലായി ഉത്‌പാദിപ്പിച്ച്‌ ബദല്‍ ഇന്ധനം രൂപപ്പെടുത്തിയതോടെ ക്രൂഡോയിലിന്‍റെ ആവശ്യം കുറയുകയും സ്വഭാവികമായും വില ഇടിയുകയും ചെയ്യുകയായിരുന്നുവെന്നാണ്‌ പ്രചാരണം. എന്നാല്‍ ഷെയ്‌ല്‍ ഗ്യാസ്‌ നിര്‍മാതാക്കളും ഗള്‍ഫിലെ പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പുകാരില്‍ പ്രധാനികളും അമേരിക്കന്‍ കന്പനികള്‍ തന്നെയാണ്‌. ക്രൂഡോയിലിന്‌ വിലകുറച്ച്‌ നഷ്‌ടം വരുത്തിവയ്‌ക്കാന്‍ ഈ കന്പനികള്‍ എന്തായാലും തയ്യാറാകുകയില്ല. അതിനാല്‍തന്നെ മറ്റെന്തോ കാരണത്താല്‍ ആസൂത്രിതമായി ക്രൂഡോയിലിന്‌ വില കുറയ്‌ക്കുന്ന സാഹചര്യം സൃഷ്‌ടിച്ചെടുക്കുകയായിരുന്നുവെന്നാണ്‌ പ്രവാസികളില്‍ ഏറിയ പങ്കും കരുതുന്നത്‌. ഇറാക്കിലും സിറിയയിലും ഭൂരിപക്ഷ മേഖലകള്‍ പിടിച്ചെടുത്ത ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണിതെന്ന്‌ ഇവര്‍ കരുതുന്നു. തീവ്രവാദികള്‍ സാന്പത്തിക അടിത്തറയുണ്ടാക്കുന്നത്‌ ഇവരുടെ അധീനതയിലുള്ള മേഖലയിലെ എണ്ണ പാടങ്ങളില്‍ നിന്നുള്ള ക്രൂഡോയില്‍ വില്‍പ്പന നടത്തിയാണ്‌. ക്രൂഡോയിലിന്‌ വില കുറഞ്ഞതോടെ ഇതിനുള്ള സാധ്യത ചുരുങ്ങും. മാത്രമല്ല, അമേരിക്കയുടെ കണ്ണില്‍ കരടായ റഷ്യ, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ സാന്പത്തിക അടിത്തറയും തകരും. വില വലിയ തോതില്‍ കുറഞ്ഞിട്ടും ക്രൂഡോയില്‍ ഉത്‌പാദനം ചുരുക്കി വില ഉയര്‍ത്താനുള്ള നീക്കം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിക്കാത്തതും ഇതിന്‍റെ ഭാഗമാണെന്ന്‌ ഇവര്‍ കരുതുന്നു. എന്തായാലും ഇത്തരമൊരു സാഹചര്യം ഗള്‍ഫ്‌ മേഖലയുടെ സാന്പത്തിക തകര്‍ച്ചയ്‌ക്ക് കാരണമാകുമെന്ന്‌ ഇവര്‍ ചൂണ്ടികാണിക്കുന്നു. ഒന്നു രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഇതിന്‍റെ ദുരന്തം അനുഭവിക്കേണ്ടിവരും. നേരത്തെ സംഭവിച്ച സാന്പത്തിക മാന്ദ്യത്തിന്‍റെ ഓര്‍മയില്‍ ക്രൂഡോയില്‍ വിലയിലെ മാറ്റത്തിലും കടുത്ത ആശങ്കയിലാണ്‌ പ്രവാസികള്‍. മാത്രമല്ല, ഗള്‍ഫ്‌ രാജ്യങ്ങളിലെ കടകള്‍ രാത്രി ഒന്‍പത്‌ മണിയ്‌ക്ക് ശേഷം അടയ്‌ക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഒന്‍പത്‌ മണിയ്‌ക്ക് ശേഷവും തുറന്നു പ്രവര്‍ത്തിക്കുന്ന കടകളില്‍ ജോലിയ്‌ക്ക് നില്‍ക്കാന്‍ തദേശീയര്‍ തയ്യാറാവാത്തതിനാല്‍ മലയാളികള്‍ അടക്കമുള്ളവര്‍ ഇപ്പോഴും തുടരുകയാണ്‌. ഈ സാഹചര്യം ഇല്ലാതാക്കി തദേശീയര്‍ക്ക്‌ ജോലി സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണിത്‌. ആറ്‌ മാസത്തിനുള്ളില്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ പ്രവാസി തൊഴിലാളികള്‍ക്ക്‌ അവസരം ഏറെ കുറയും. മാത്രമല്ല, ക്രൂഡോയിലിന്‌ വിലകുറയുന്നതോടെ ഇതിന്‍റെ ഉപോത്‌പന്നമായ സിന്തറ്റിക്‌ റബറിനും വിലകുറയും. ഇതോടെ സ്വഭാവിക റബര്‍ വാങ്ങുന്നതില്‍ നിന്നും പിന്മാറി ടയര്‍ കന്പനികള്‍ അടക്കമുള്ളവ സിന്തറ്റിക്‌ റബറിലേക്ക്‌ ആകര്‍ഷിക്കപ്പെടും. ഇത്‌ റബര്‍ കര്‍ഷകരെ കൂടുതല്‍ കടബാധ്യതയിലേക്ക്‌ തള്ളിവിടും. വിപണിയിലെ ഇത്തരം മാറ്റങ്ങള്‍ കൃത്യമായ രീതിയില്‍ കര്‍ഷകരുമായി പങ്കുവയ്‌ക്കാത്ത സര്‍ക്കാര്‍ സമീപനം തന്നെയാണ്‌ ഇവിടെ പ്രശ്‌നം രൂക്ഷമാക്കുന്നത്‌. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയുമൊക്കെ സര്‍ക്കാറുകള്‍ റബര്‍ വിപണിയിലെ മാറ്റങ്ങള്‍ കൃത്യമായി കര്‍ഷകരിലേക്ക്‌ എത്തിക്കുന്നുണ്ട്‌. രൂപയുടെ വിലയിടിവ്‌ രൂപയുടെ മൂല്യം ഡോളര്‍ നിരക്കിനേക്കാള്‍ വലിയ തോതില്‍ ഇടിയുന്നത്‌ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്‌. രൂപയുടെ വിലയിടിവ്‌ തുടരുന്നതോടെ രണ്ടാഴ്‌ച മുന്പ്‌ ഒരു ബഹിന്‍ ദിനാറിന്‌ 160 രൂപയുണ്ടായിരുന്നത്‌ ഇപ്പോള്‍ 167 ആയി വര്‍ദ്ധിച്ചു. പണം നാട്ടിലേക്ക്‌ അയക്കുന്ന പ്രവാസികള്‍ക്ക്‌ ഇത്‌ ഗുണകരമാണെന്ന്‌ പറയാം. എന്നാല്‍ കയറ്റുമതി- ഇറക്കുമതി മേഖലയില്‍ കടുത്ത പ്രതിസന്ധിയിലേക്കാണ്‌ രൂപയുടെ വിലയിടിവ്‌ കൊണ്ടെത്തിക്കുക. രൂപയുടെ മൂല്യതകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള നീക്കങ്ങള്‍ ശക്‌തമാക്കുമെന്നും വില ഉറപ്പിച്ചു നിര്‍ത്തുമെന്നും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍റെ സാന്പത്തിക പരിഷ്‌ക്കരണം ഉദ്ദേശിച്ച രീതിയില്‍ പ്രകടമാകാത്തതില്‍ പ്രവാസികള്‍ക്ക്‌ ആശങ്കയുണ്ട്‌. പ്രവാസി ഭാരതീയ ദിവസ്‌ ഇന്ന്‌ ഉദ്‌ഘാടനം ചെയ്യാനെത്തുന്ന നരേന്ദ്രമോഡി ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തുമെന്നാണ്‌ പ്രവാസികളുടെ പ്രതീക്ഷയും.

അഭിപ്രായങ്ങളൊന്നുമില്ല: