2015 ജനുവരി 25, ഞായറാഴ്‌ച

ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത് യു.എസ്. പ്രസിഡന്റ്‌

ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത് യു.എസ്. പ്രസിഡന്റ്‌

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ബരാക്ക് ഒബാമ. രണ്ടുവട്ടം ഇന്ത്യയിലെത്തിയ ആദ്യ യു. എസ്. പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. 2010 നവംബര്‍ ആറിനാണ് ഒബാമ ഇതിന് മുന്‍പ് ഇന്ത്യയിലെത്തിയത്. അന്ന് ഡോ. മന്‍മോഹന്‍സിങ്ങായിരുന്നു പ്രധാനമന്ത്രി.


2009: ഡൈ്വറ്റ് ഐസന്‍ഹോവര്‍

ഡൈ്വറ്റ് ഐസന്‍ഹോവറാണ് ഇന്ത്യയിലെത്തിയ ആദ്യ യു.എസ്. പ്രസിഡന്റ്. 1959 ഡിസംബര്‍ പത്തിനായിരുന്നു സന്ദര്‍ശനം. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു അന്ന് പ്രധാനമന്ത്രി. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഗ്രാമീണ ഇന്ത്യയെ അടുത്തറിയാനായി അദ്ദേഹം ഒരു തുറന്ന കാറില്‍ സഞ്ചരിക്കുക വരെ ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത അദ്ദേഹം താജ് മഹലും സന്ദര്‍ശിച്ചിരുന്നു. നൂഡല്‍ഹിയില്‍ നടന്ന ലോക കാര്‍ഷിക മേളയിലും അദ്ദേഹം പങ്കെടുത്തു.


1969: റിച്ചാര്‍ഡ് നിക്‌സണ്‍

പത്ത് വര്‍ഷത്തിനുശേഷമാണ് മറ്റൊരു യു.എസ്. പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. 1969 ആഗസ്ത് ഒന്നിന് റിച്ചാര്‍ഡ് നിക്‌സണ്‍. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. 23 മണിക്കൂര്‍ മാത്രമാണ് നിക്‌സണ്‍ ഇന്ത്യയിലുണ്ടായിരുന്നത്. ഒരു യു.എസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും ഹൃസ്വസന്ദര്‍ശനമാണിത്. പ്രസിഡന്റായി ചുമതലയേറ്റ് ആറു മാസത്തിനുള്ളിലായിരുന്നു നിക്‌സന്റെ ഇന്ത്യാസന്ദര്‍ശനം. പ്രസിഡന്റാവുന്നതിന് മുന്‍പും നിക്‌സന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്ത നിക്‌സണ്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തില്ല.


1978: ജിമ്മി കാര്‍ട്ടര്‍

1978ലെ പുതുവര്‍ഷദിനത്തിലെത്തിയ ജിമ്മി കാര്‍ട്ടറാണ് ഇന്ത്യയിലെത്തിയ മൂന്നാമത്തെ യു.എസ്. പ്രസിഡന്റ്. നിക്‌സന്റെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യാ-യു.എസ് ബന്ധം വഷളായശേഷമായിരുന്നു കാര്‍ട്ടറുടെ സന്ദര്‍ശനം. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ച ആളായിരുന്നു കാര്‍ട്ടര്‍. അമ്മ ലിലിയന്‍ കാര്‍ട്ടര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഒരു സ്ഥിരം സന്ദര്‍ശകയായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് ജിമ്മി കാര്‍ട്ടറും ഭാര്യ റോസലിനൊപ്പം ഹരിയാണയിലെ ഔലത്പുരി ഗ്രാമം സന്ദര്‍ശിച്ച് ഗ്രാമമുഖ്യന് ഒരു ടെലിവിഷന്‍ സെറ്റ് സമ്മാനിച്ചിരുന്നു. ഈ ഗ്രാമത്തെ പിന്നീട് കാര്‍ട്ടര്‍പുരി എന്ന് പുനര്‍നാമകരണം ചെയ്തു. കാര്‍ട്ടര്‍ പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു. ആണവ നിര്‍വ്യാപന കരാര്‍ അന്തിമ ഘട്ടത്തിലെത്തിയ സമയമായിരുന്നു അത്. 1974ല്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.


2000 ബില്‍ ക്ലിന്റണ്‍

പിന്നീട് ഇരുപത്തിരണ്ട് വര്‍ഷം കഴിഞ്ഞാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2000 മാര്‍ച്ചില്‍ എത്തിയ ബില്‍ ക്ലിന്റണായിരുന്നു ആ നിയോഗം. ഒരു യു.എസ്. പ്രസിഡന്റിന്റെ ഏറ്റവും ഫലപ്രദമായ സന്ദര്‍ശനം കൂടിയായിരുന്നു അത്. അടില്‍ ബിഹാരി വാജ്‌പേയ് നയിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരായിരുന്നു അധികാരത്തില്‍. ഡല്‍ഹിക്ക് പുറമെ ആഗ്ര, ജയ്പുര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. അതിന് തൊട്ടു മുന്‍പ് മോണിക്ക ലെവിസ്‌കിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നിടത്തെല്ലാം മകള്‍ ചെല്‍സിയെയും ഒപ്പം കൂട്ടിയിരുന്നു ക്ലിന്റണ്‍. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. അന്ന് കശ്മീരില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ആരോപിച്ച് വലിയ വിവാദത്തിനും തിരികൊളുത്തിയിരുന്നു ക്ലിന്റണ്‍. ഇന്ത്യയില്‍ നിന്ന് നേരെ പാകിസ്താനിലേയ്ക്ക് പോയ ക്ലിന്റണ്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് അവിടെ ചിലവഴിച്ചത്. ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന് പകരം മറ്റൊരു വിമാനത്തിലാണ് ക്ലിന്റണ്‍ പാകിസ്താനില്‍ പോയത്.


2006: ജോര്‍ജ് ബുഷ്

നാലു വര്‍ഷത്തിനുശേഷം 2006ല്‍ ജോര്‍ജ് ബുഷും ഇന്ത്യയിലെത്തി. ഇടത് പിന്തുണയോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങായിരുന്നു അന്ന് അധികാരത്തില്‍. 60 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പ്രതിരോധരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം രൂപപ്പെട്ടുവരുന്ന സമയമായിരുന്നു ഇത്. പതിവിന് വിപരീതമായി പാര്‍ലമെന്റിന് പകരം പുരാന ഘിലയിലാണ് ബുഷ് പ്രസംഗിച്ചത്. വിദേശ നിക്ഷേപങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കണം എന്നതായിരുന്നു പ്രസംഗത്തില്‍ ബുഷ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.


2010: ബരാക്ക് ഒബാമ

നാലു വര്‍ഷത്തിനുശേഷം 2010ലെ ദീപാവലി ദിനത്തില്‍ ബരാക്ക് ഒബാമ തന്റെ ആദ്യ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി. രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാരുടെ സന്ദര്‍ശനത്തിനിടയ്ക്കുള്ള ഏറ്റവും ഹൃസ്വമായ ഇടവേളയായിരുന്നു ഇത്. ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധത്തെ അമേരിക്ക വേറിട്ട് കണ്ടുതുടങ്ങിയ കാലമായിരുന്നു ഇത്. റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിനെ അഫ്ഗാനിസ്താനിലേയ്ക്കും പാകിസ്താനിലേയ്ക്കും മാത്രമുള്ള ദൂതനായാണ് അമേരിക്കന്‍ നിയോഗിച്ചത്. ഒബാമയാവട്ടെ, പതിവിന് വിപരീതമായി പാകിസ്താന്‍ സന്ദര്‍ശിക്കാതെയാണ് അമേരിക്കയിലേയ്ക്ക് മടങ്ങിയത്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ഒബാമ ജയ്ഹിന്ദ് വിളിയോടെയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെയും അന്ന് ഒബാമ തത്വത്തില്‍ ഒബാമ അംഗീകരിച്ചിരുന്നു. കൃഷി, ടെലികോം, ചെറുകിട വിപണി എന്നിവയിലെ കടുത്ത നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വേണം എന്നതായിരുന്നു ഒബാമയുടെയും ആവശ്യം. എന്നാല്‍, ആണവകരാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഈ സന്ദര്‍ശനം സഹായിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല: