ന്യൂഡല്‍ഹി: കൊച്ചിയില്‍ കായലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ മലയാളി നാവികന്‍ വിഷ്ണു പി.ഉണ്ണി ഉള്‍പ്പെടെ 374 പേര്‍ക്കാണ് ഇത്തവണ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് സൈനികമെഡല്‍ ലഭിച്ചത്. പാലക്കാട് തൃത്താല പണ്ടാരക്കുണ്ട് സ്വദേശിയായ വിഷ്ണു രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സേനാമെഡലിനാണ് അര്‍ഹനായത്. ക്യാപ്റ്റന്‍ കെ.പി. രഞ്ജിത്, (ബിഹാര്‍ റജിമെന്റ്), ലാന്‍സ് നായിക് എസ്. അരുണ്‍ (മരണാനന്തരം) എന്നിവര്‍ക്കും ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.
വിശിഷ്ടസേവാ മെഡലിന് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയും ബി.എസ്.എഫ് അസി. കമാന്‍ഡന്റുമായ പി.വി. ഗിരിവാസന്‍ അര്‍ഹനായി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡല്‍ഹി ഇന്റലിജന്‍സിലാണ് ഇപ്പോള്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കരസേനയില്‍നിന്ന് ലെഫ്. ജനറല്‍മാരായ കെ.സുരേന്ദ്രനാഥ്, സി. അനന്തകൃഷ്ണന്‍, പെരുവെമ്പ് രാമചന്ദ്രകുമാര്‍ എന്നിവരും നാവികസേനയില്‍നിന്ന് വൈസ് അഡ്മിറല്‍ കെ.രാമചന്ദ്രന്‍നായര്‍, വ്യോമസേനയില്‍നിന്ന് എയര്‍മാര്‍ഷല്‍ എസ്.എസ്. സോമനും പരമവിശിഷ്ടസേവാ മെഡലിന് അര്‍ഹരായവരില്‍ ഉള്‍പ്പെടും.
ബാര്‍ ടു അതിവിശിഷ്ടസേവാ മെഡലിന് കരസേനയില്‍നിന്ന് ലെഫ്. ജനറല്‍ എല്‍. എന്‍ ശ്രീനിവാസന്‍ അര്‍ഹനായി. അതിവിശിഷ്ടസേവാ മെഡലിന് അര്‍ഹരായവരില്‍ മേജര്‍ ജനറല്‍ രാജീവ് നാരായണന്‍ (ആര്‍മേഡ് കോര്‍.), ലെഫ്. ജനറല്‍ എം.കെ ഉണ്ണി, എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.പി ജോര്‍ജ് , എയര്‍ വൈസ് മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍, എയര്‍ കമ്മഡോര്‍ ബി.ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടും. യുദ്ധസേവാമെഡലിന് ബ്രിഗേഡിയര്‍ അച്യുതന്‍ പ്രമോദ് കുമാര്‍ അര്‍ഹനായി. സേനാമെഡലിന് മേജര്‍ ജനറല്‍ ടി. ഗോപാലകൃഷ്ണന്‍ (വെസ്‌റ്റേണ്‍ കമാന്‍ഡ്), നാവികസേനാ മെഡലിന് കമ്മഡോര്‍ സുധീര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും അര്‍ഹരായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ