ന്യൂഡല്‍ഹി: ആണവബാധ്യതാ നിയമത്തെച്ചൊല്ലി തടസ്സപ്പെട്ട ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു.
കരാര്‍ നടപ്പാക്കുന്നതിന് തടസ്സമായ വിഷയങ്ങളെല്ലാം പരിഹരിച്ചുവെന്ന് മൂന്നുമണിക്കൂര്‍ നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.
ആഭ്യന്തര പ്രതിരോധ ഉത്പാദനമേഖല ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്നതിനും തീരുമാനമായി. സൗരോര്‍ജരംഗത്തും ഇന്ത്യ-യു.എസ്. സഹകരണമുണ്ടാകും. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിന് അമേരിക്ക പൂര്‍ണ പിന്തുണ വാഗ്ദാനംചെയ്തു. ഒപ്പം ആണവവിതരണ രാഷ്ട്രങ്ങളുടെ സമിതിയടക്കമുള്ള നാല് അന്താരാഷ്ട്ര നിയന്ത്രണസ്ഥാപനങ്ങളിലെ പൂര്‍ണാംഗത്വത്തിനും.
ആണവദുരന്തമുണ്ടാകുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ ഉണ്ടാക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശമാണ് കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയൊരുക്കിയത്. പാര്‍ലമെന്റ് പാസാക്കിയ സൈനികേതര ആണവബാധ്യതാനിയമത്തിലെ നഷ്ടപരിഹാരവ്യവസ്ഥയില്‍, ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ആണവസാമഗ്രി വിതരണക്കാരനാണ്. നിയമത്തില്‍ ഭേദഗതി വരുത്താതെ ആ വ്യവസ്ഥ മറികടക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശമുയര്‍ന്നത്. ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് വിതരണക്കാരന് വഴിതുറക്കുന്ന നിര്‍ദേശമാണിത്.
ആണവനിലയങ്ങളെ ഇന്‍ഷുര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെയാണ് (ജി.ഐ.സി.) ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിദേശ സെക്രട്ടറി സുജാതസിങ് പിന്നീട് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ആണവബാധ്യതാ നിയമപ്രകാരം 1500 കോടി രൂപയാണ് നഷ്ടപരിഹാരമായി ഓപ്പറേറ്റര്‍ നല്‍കേണ്ടത്. ഇന്ത്യയിലെ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ നഷ്ടപരിഹാരത്തുകയുടെ പകുതിയായ 750 കോടി രൂപയും ബാക്കി കേന്ദ്രസര്‍ക്കാറും നല്‍കുമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. ആണവസാമഗ്രി വിതരണക്കാര്‍ നല്‍കേണ്ട പ്രീമിയം തീരുമാനമായില്ല. ഓപ്പറേറ്റര്‍ക്കും ആണവസാമഗ്രി നല്‍കുന്നവര്‍ക്കും ഒരുപോലെ സ്വീകാര്യമായിട്ടുള്ളതാണ് ഈ നിര്‍ദേശമെന്ന് സുജാതസിങ് വ്യക്തമാക്കി.
തങ്ങള്‍ നിര്‍മിക്കുന്ന ആണവനിലയത്തിന് ലഭിക്കുന്ന ഇന്ധനം എവിടെനിന്നാണെന്ന് അന്വേഷിക്കുന്നതിനുള്ള അവകാശം വേണമെന്ന അമേരിക്കയുടെ നിലപാടിനെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ആണവസാമഗ്രികളും നിലയങ്ങളും പരിശോധിക്കുന്നത്, ഇരുരാജ്യങ്ങളിലെയും നിയമവ്യവസ്ഥകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെയും ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നായിരിക്കുമെന്ന നിലപാടിനോട് അമേരിക്ക യോജിച്ചു. തന്റെ വീറ്റോ അധികാരം പ്രസിഡന്റ് ഒബാമ ഇക്കാര്യത്തില്‍ ഉപയോഗിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
നിയമത്തിലെ ഈ രണ്ട് വിഷയങ്ങളാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള പ്രധാന പ്രശ്‌നമായിരുന്നത്. നിയമത്തില്‍ മാറ്റംവരുത്താതെതന്നെ ആണവക്കരാര്‍ നടപ്പാക്കുന്നതിന് ഇരുരാജ്യങ്ങളെയും അനുവദിക്കുന്നതാണ് ഇപ്പോള്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ്. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ആന്ധ്രപ്രദേശിലും ഗുജറാത്തിലും അമേരിക്കാ കമ്പനികള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്.
തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശമാണ് ഇരുനേതാക്കളും നല്‍കിയത്. ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിനേരിടുന്നതിന് ആഗോളതലത്തില്‍ത്തന്നെ തന്ത്രം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ