ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേല്‍ ഇന്ത്യയിലെത്തിയത് ഇന്ത്യന്‍ വംശജന്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്‌ത ഫ്രോക്ക് ധരിച്ച്. നീല പൂക്കള്‍ ആലേഖനംചെയ്‌ത, മുട്ടോളമെത്തുന്ന ഫ്രോക്ക് മിഷേലിനു വേണ്ടി പ്രവാസിഭാരതീയനായ ബിഭു മൊഹപത്രയാണു രൂപകല്‍പന ചെയ്‌തത്.
ഒഡീഷയിലെ റൂര്‍ക്കല സ്വദേശിയായ മൊഹപത്ര ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മിഷേലിനെക്കാത്ത് കൂടുതല്‍ വസ്‌ത്ര വിസ്‌മയം കരുതിയിട്ടുണ്ടെന്നാണു സംഘാംഗങ്ങള്‍ നല്‍കുന്ന സൂചന. ഒന്നര ലക്ഷം രൂപയുടെ ബനാറസി സാരിയാണ് ഇതില്‍ പ്രധാനം. സാരി ഉടന്‍ കൈമാറുമെന്നു രൂപകല്‍പന നിര്‍വഹിച്ച അബ്‌ദുള്‍ മാതിന്‍ അറിയിച്ചു.
ക്രീം നീറത്തിലുള്ള കധുവ സില്‍ക്ക് സാരി തയാറാക്കാന്‍ സ്വര്‍ണം- വെള്ളി നൂലുകളും ഉപയോഗിച്ചിട്ടുണ്ട്. 400 ഗ്രാം ഭാരമുള്ള സാരി മൂന്നു മാസം കൊണ്ടാണു പൂര്‍ത്തിയാക്കിയത്.
ഒബാമയുടെ വിശ്വസ്‌തനും ഇന്ത്യന്‍ വംശജനുമായ ഫ്രാങ്ക് ഇസ്ലാം ആണു സാരിക്കുള്ള ഓര്‍ഡര്‍ നല്‍കിയത്. ഇദ്ദേഹത്തിനു കഴിഞ്ഞ ദിവസമാണു മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍ പുരസ്‌കാരം ലഭിച്ചത്. ഇന്ത്യന്‍ കൈത്തറികലാകാരന്മാരിലേക്കു ലോകശ്രദ്ധ ആകര്‍ഷിക്കാനാണു മിഷേലിനു സാരി നല്‍കുന്നതെന്നാണു ഫ്രാങ്കിന്റെ നിലപാട്. ഡല്‍ഹിയില്‍ മിഷേലിനായി കൂടുതല്‍ സാരികള്‍ തയാറാക്കിയിട്ടുണ്ട്.
കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍ 100 സാരികളാണു മിഷേലിനായി ഓര്‍ഡര്‍ ചെയ്‌തിട്ടുള്ളത്. വാരണാസി വസ്‌ത്ര ഉദ്യോഗ് സംഘിനാണു സാരികള്‍ തയാറാക്കുന്ന ചുമതല. റിപ്പബ്ലിക് ദിനത്തില്‍ മിഷേല്‍ ധരിക്കുന്ന വേഷത്തെക്കുറിച്ചാണു ഡല്‍ഹിയിലെ ഫാഷന്‍ ഗുരുക്കള്‍ ഇപ്പോള്‍ തല പുകയ്‌ക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ