2015 ജനുവരി 25, ഞായറാഴ്‌ച

ഭൂമിക്കൊപ്പം കറങ്ങി, ഭൂമിയെ പകര്‍ത്തി ഫോഗല്‍

ഭൂമിക്കൊപ്പം കറങ്ങി, ഭൂമിയെ പകര്‍ത്തി ഫോഗല്‍.




കൊച്ചി:
 നാല് വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ വാല്‍ഡ് ഫോഗല്‍ പടിഞ്ഞാറേക്ക് ഒരു വിമാനം പറപ്പിച്ചു. സൂപ്പര്‍ സോണിക് വേഗത്തിലുള്ള ആ പോക്കിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു - താനില്ലാതെ കറങ്ങുന്ന ഭൂമിയെ ഒന്നു കാണണം, പകര്‍ത്തണം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നെങ്കിലും വാല്‍ഡ് ഫോഗല്‍ അതില്‍ വിജയിച്ചു. ആ യജ്ഞത്തിന്റെ ഫലവും ഘടകങ്ങളുമാണ് കൊച്ചി-മുസ്സിരിസ് ബിനാലെയിലെ 'ദ എര്‍ത്ത് ടേണ്‍സ് വിതൗട്ട് മീ' എന്ന ഇന്‍സ്റ്റലേഷന്‍.

നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ഇത് പകര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ള വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം താന്‍ എങ്ങനെയാണ് ഇത് സാധ്യതമാക്കിയതെന്നും വാല്‍ഡ് ഫോഗല്‍ വിവരിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചുകാരനായ ഈ കലാകാരന്റെ നര്‍മബോധവും ഈ കലാവിന്യാസത്തില്‍ പ്രതിഫലിച്ചു കാണാം.

2010 മാര്‍ച്ച് 17നാണ് ഈ വിന്യാസത്തിനായുള്ള യാത്ര വാല്‍ഡ് ഫോഗല്‍ നടത്തിയത്. സ്വിസ് എയര്‍ഫോഴ്‌സിന്റെ സൂപ്പര്‍സോണിക് വിമാനത്തില്‍ മണിക്കൂറില്‍ 1158 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചാരം. തന്റെ രാജ്യത്തെ ഭൂമിയുടെ കറക്കത്തിന്റെ വേഗമാണിത്. അതേ വേഗതയില്‍ ഒപ്പം സഞ്ചരിക്കുമ്പോള്‍ ഭൂമി കറങ്ങാതാകുന്നു. ഏതാണ്ട് നാല്‍പത് പേരുടെ പ്രയത്‌നം ഈ പദ്ധതിക്കു കീഴിലുണ്ടെന്ന് വാല്‍ഡ് ഫോഗല്‍ പറയുന്നു. സ്വിസ് എയര്‍ഫോഴ്‌സിലെ അക്രോബാറ്റിക്‌സ് സംഘത്തിലെ പട്രൗളി സൂസേയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായത്തിനും അദ്ദേഹം നന്ദി പറയുന്നു. ഇത്രയും വേഗത്തില്‍ ഈ ജെറ്റിനെ പറത്തിയ ഡാനി ഹൊയ്സ്ലിയേയും പ്രശംസിക്കാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: