നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴില്‍ നടന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് അധികാരികളുടെ അശ്രദ്ധമൂലം അലങ്കോലമായി. പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യൂ നിന്നും ആവശ്യമില്ലാത്ത രേഖകള്‍ക്കായി ഓടിനടന്നും ജനങ്ങള്‍ വലഞ്ഞു. പ്രവര്‍ത്തനസജ്ജമല്ലാത്ത കംപ്യൂട്ടറുകളും ആളെണ്ണം തിട്ടപ്പെടുത്തി കൗണ്ടറുകളും കംപ്യൂട്ടറുകളും സജ്ജീകരിക്കാത്തതും ക്യാമ്പുകളുടെ സേവനം താറുമാറാക്കി. പല കേന്ദ്രങ്ങളിലും കംപ്യൂട്ടറുകള്‍ കേടായി. ആളുകളെ ഉള്‍ക്കൊള്ളാനാകാതെ പല ക്യാമ്പുകളുടെയും നിയന്ത്രണം പൊലീസിന് ഏറ്റെടുക്കേണ്ടിവന്നു. രാത്രി ഏറെ വൈകുവോളം ക്യാമ്പുകളില്‍ കാര്‍ഡ് ഉടമകള്‍ തങ്ങുകയാണ്.നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കമ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍വച്ച് നടത്താനായി 22ലേക്ക് മാറ്റി.നാല് കേന്ദ്രത്തിലായി നാലായിരത്തോളം കാര്‍ഡുകളുടെ പുതുക്കല്‍പ്രക്രിയയാണ് തിങ്കളാഴ്ച നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിനുകീഴില്‍ നടന്നത്. ചെന്തുപ്പൂര് ഗ്രന്ഥശാല, പരിയാരം കര്‍ഷകസഹായി ഗ്രന്ഥശാല, പൂവത്തൂര്‍ എല്‍പിഎസ്, ഹൗസിങ് ബോര്‍ഡ് കമ്യൂണിറ്റി ഹാള്‍ എന്നീ കേന്ദ്രങ്ങളിലായാണ് ക്യാമ്പ് പ്രവര്‍ത്തിച്ചത്. രണ്ട് റേഷന്‍കടകളിലുള്ള ആയിരത്തിലധികം വരുന്ന കാര്‍ഡുടമകളാണ് ഒരു കേന്ദ്രത്തില്‍ എത്തിച്ചേരുന്നത്. എന്നാല്‍, ഇവരെ ഉള്‍ക്കൊള്ളാനും കൃത്യമായ സേവനം നല്‍കാനുമുള്ള കംപ്യൂട്ടറുകളെയോ ജീവനക്കാരെയോ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരുന്നില്ല. രണ്ടു കംപ്യൂട്ടറുകളും രണ്ടു ജീവനക്കാരും മാത്രമാണ് ഓരോകേന്ദ്രത്തിലും ഉണ്ടായിരുന്നത്. കംപ്യൂട്ടറുകളിലധികവും പ്രവര്‍ത്തനസജ്ജമല്ലായിരുന്നു. ഉപയോഗിക്കാന്‍ കഴിയുന്ന കംപ്യൂട്ടറുകളേറെയും മന്ദഗതിയിലായിരുന്നു പ്രവര്‍ത്തനം. ഒരു കാര്‍ഡിന്റെ പുതുക്കല്‍പ്രവൃത്തിക്ക് ഒരുമണിക്കൂറോളമാണ് ഓരോകേന്ദ്രത്തിലും എടുക്കുന്നത്. ആയിരത്തിലധികം കാര്‍ഡുകള്‍ പുതുക്കേണ്ടിടത്താണ് ഈ അവസ്ഥ. കൃത്യമായ പരിശീലനം ലഭിച്ചവരല്ല പല കേന്ദ്രങ്ങളിലുമുണ്ടായിരുന്നത്. ക്യൂ നിര്‍ത്തി സമയക്രമം പാലിച്ച് കാര്‍ഡ് പുതുക്കാനുള്ള സജ്ജീകരണമോ മുന്‍കരുതലോ ഒരുക്കിയില്ല. കാര്‍ഡ് ഉടമകള്‍ ഇത്രയെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും അതനുസരിച്ച് ക്യാമ്പുകള്‍ സജ്ജീകരിച്ചില്ല. ക്യാമ്പുകളില്‍ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ള ആളുകള്‍ കടുത്ത ദുരിതമാണ് അനുഭവിച്ചത്. പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സേവനം ക്യാമ്പുകളില്‍ ലഭ്യമാക്കാനും തയ്യാറായില്ല.ചെന്തുപ്പൂര് ദേശസേവിനി ഗ്രന്ഥശാലയില്‍ നടന്ന ക്യാമ്പ് ദുരിതപൂര്‍ണമായപ്പോള്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഏറ്റെടുത്തു. അധികകംപ്യൂട്ടറുകളുടെ സേവനം സി-ഡിറ്റില്‍നിന്ന് ലഭ്യമാക്കി ക്യാമ്പ് കൃത്യമായി കൊണ്ടുപോകാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പരിയാരം കര്‍ഷകസഹായി ഗ്രന്ഥശാലയില്‍ രാത്രി ഏറെ വൈകിയും ക്യാമ്പ് പ്രവര്‍ത്തിക്കുകയാണ്. കാര്‍ഡ് പുതുക്കിനല്‍കാമെന്നറിയിച്ച് ആളുകളെ രാത്രിയോളം നിര്‍ത്തിയശേഷം മടക്കി അയക്കാനുള്ള ശ്രമവും നടന്നു. ഇത് സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ച് മൂന്നുവരെ ഇത്തരത്തില്‍ നിരവധി ക്യാമ്പുകളാണ് നടക്കുന്നത്. വരുംദിനങ്ങളിലെ ക്യാമ്പുകളെങ്കിലും കൃത്യമായി സംഘാടനം ചെയ്യാത്തപക്ഷം കാര്‍ഡുടമകള്‍ കൂടുതല്‍ ദുരിതത്തിലാകും.