2015 ജനുവരി 26, തിങ്കളാഴ്‌ച

പ്രൗഢം, ഗംഭീരം; രാജ്യം 66_ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു

 praudam, gambheeram; rajyam 66_am rippablik dhinam
ന്യൂഡല്‍ഹി • ഇന്ത്യയുടെ പ്രൗഢിയും കരുത്തും വിളിചേ്ചാതി രാജ്യം 66_ാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ഡല്‍ഹി രാജ്പഥില്‍ നടന്ന റിപ്പബ്ളിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു. പരിപാടികളില്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ മുഖ്യാതിഥിയായിരുന്നു. 10 മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചെറിയ ചാറ്റല്‍ മഴയും ചടങ്ങിന് അകന്പടിയായെത്തി. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികരുടെ ഓര്‍മയില്‍, ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. പിന്നാലെ 66_ാം റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാജ്പഥിലെ വേദിയിലേക്കെത്തി. പരേഡ് വീക്ഷിക്കാന്‍ വിശിഷ്ടാതിഥി രാഷ്ട്രപതിക്കൊപ്പം വാഹനത്തിലെത്തണമെന്നാണ് ചട്ടമെങ്കിലും തന്‍റെ ഒൌദ്യോഗിക വാഹനമായ ബീസ്റ്റിലാണ് പത്നി മിഷേലിനൊപ്പം ഒബാമയെത്തിയത്. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയെ സ്വീകരിച്ചു. രാജ്പഥിലെ വേദിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയപതാക ഉയര്‍ത്തി. സമാധാനകാലത്തെ പരമോന്നത സൈനിക ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി നേടിയ രാഷ്ട്രീയ റൈഫിള്‍സിലെ നായിക് നീരജ്കുമാറിനും മേജര്‍ മുകുന്ദ് വരദരാജനും വേണ്ടി ഭാര്യമാര്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ വിഭാഗങ്ങളുടെ പരേഡ് നടന്നു. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും തനിമയും പ്രകടമാക്കുന്ന വിവിധ പേ്ളാട്ടുകളുടെ ഘോഷയാത്ര അരങ്ങേറി. പരേഡിന്‍റെ തുടക്കത്തില്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തി. ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച 20 പേര്‍ പ്രത്യേക വാഹനങ്ങളില്‍ പരേഡില്‍ പങ്കെടുത്തു. 13 സൈനിക ബാന്‍ഡുകളാണ് ചടങ്ങിന് കൊഴുപ്പേകിയത്. കര, നാവിക, വ്യോമ സേനകളുടെ ഓരോ ബാന്‍ഡ് വീതവും അര്‍ധസൈനിക വിഭാഗങ്ങളുടെ എട്ടു ബാന്‍ഡുകളും എന്‍സിസി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ബാന്‍ഡും ഒന്നിനു പിന്നാലെ ഒന്നായി അണി നിരന്നു. പിന്നാലെ മാര്‍ച്ച്‌ പാസ്‌റ്റെത്തി. ചരിത്രത്തിലാദ്യമായി എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേക സംഘം മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തു. ബിഎസ്‌എഫ് ഭടന്മാരുടെ സാഹസിക മോട്ടോര്‍ സൈക്കിള്‍ പ്രകടനവും തുടര്‍ന്ന് അരങ്ങേറി. വ്യോമസേന വിമാനങ്ങളുടെ അഭ്യാസപ്രകടനവുമുണ്ടായിരുന്നു. മൂന്നും അതിലേറെയും വിമാനങ്ങള്‍ ചേര്‍ന്ന് ആകാശത്തു പല രൂപങ്ങള്‍ സൃഷ്ടിച്ചുള്ള പ്രകടനങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുക്കാനെത്തിയവര്‍ വീക്ഷിച്ചത്. ദേശീയഗാനത്തിന് ശേഷം വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്കുയര്‍ന്നതോടെ ചടങ്ങുകള്‍ക്ക് അവസാനമായി.അതിശക്തമായ സുരക്ഷയാണ് റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒരുക്കിയിരുന്നത്. 500ല്‍ അധികം യുഎസ് രഹസ്യ സൈനികരുള്‍പ്പെടെ 50,000ല്‍ അധികം സുരക്ഷാ സൈനിരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: