2015 ജനുവരി 24, ശനിയാഴ്‌ച

റേഷന്‍ കാര്‍ഡ് ഇക്കുറി സ്മാര്‍ട്ടാകില്ല, കമ്പ്യൂട്ടര്‍വത്കരണത്തിന് വേണ്ടത് 500 കോടി

thiruvananthapuram : സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ഉപയോഗിക്കാവുന്ന റേഷന്‍ കാര്‍ഡ് കിട്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റലായാണ് കാര്‍ഡ് പുതുക്കുന്നതെങ്കിലും കമ്പ്യൂട്ടര്‍വത്കരണ നടപടികള്‍ എങ്ങുമെത്താത്തത് 'സ്മാര്‍ട്ട്' റേഷന്‍ കാര്‍ഡിന് തടസ്സമാകുന്നു.

സപ്ലൈകോ സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി അഞ്ച് പേജ് ഒരുക്കിയിട്ടുണ്ടെന്നതുമാത്രമാണ് ഇക്കുറി കാര്‍ഡിനുള്ള പുതുമ. പഴയ കാര്‍ഡില്‍ ഇതിന് ഒരു പേജാണ് ഉണ്ടായിരുന്നത്. കേരളത്തിലെ 14,265 റേഷന്‍കടകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനായി 500 കോടി രൂപയാണ് വേണ്ടത്. ഒരുകൊല്ലം മുമ്പ് സമര്‍പ്പിച്ച പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പണം ലഭ്യമാക്കിയിട്ടില്ല. സപ്ലൈ ഓഫീസുകളില്‍പ്പോലും കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കാനായിട്ടില്ല. 

തിരുവനന്തപുരം ജില്ലയിലെ ആറ് റേഷന്‍കടകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍വത്കരിച്ചതല്ലാതെ മറ്റൊരു റേഷന്‍കടയിലും കമ്പ്യൂട്ടര്‍ എത്തിയില്ല. കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യം വരുന്ന ഏപ്രില്‍ മുതല്‍ നല്‍കില്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സപ്ലൈ ഓഫീസുകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനായി നല്‍കിയ കരാറും റേഷന്‍ കാര്‍ഡ് ഡിജിറ്റല്‍ രീതിയില്‍ പുതുക്കുന്നതും കാട്ടിയാണ് കേന്ദ്രത്തെ അനുനയിപ്പിക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നത്. 

ആധാര്‍ നമ്പര്‍, കുടിവെള്ള കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ഗ്യാസ് കണക്ഷന്‍, വീടിന്റെ വിസ്തീര്‍ണം, സ്വന്തമായുള്ള വാഹനങ്ങള്‍, തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ടുകൂടിയാണ് അപേക്ഷാ ഫോറത്തോടൊപ്പം ശേഖരിക്കുന്നത്. ഓരോ റേഷന്‍കടയുടെയും വിവരങ്ങള്‍ പ്രത്യേകം സോഫ്‌ട്വെയറില്‍ ശേഖരിക്കുകയാണ്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നല്‍കുമ്പോള്‍ ഉപയോഗിക്കാന്‍ തക്കവണ്ണമായിരിക്കും ഇത് സൂക്ഷിക്കുക. 

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വന്നാല്‍, റേഷന്‍ കരിഞ്ചന്ത തടയാനാകും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ത്തന്നെ ഭക്ഷ്യ സബ്‌സിഡി അക്കൗണ്ടില്‍ വരികയും യഥാര്‍ത്ഥ ഉടമകള്‍ക്കുതന്നെ ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്യും. 

കിടപ്പുരോഗികളുടെ വീട്ടിലെത്തി ഫോട്ടോയെടുത്തേക്കും

ആലപ്പുഴ:
 കിടപ്പുരോഗികള്‍ കുടുംബനാഥകളായ വീടുകളില്‍ നേരിട്ടെത്തി റേഷന്‍ കാര്‍ഡിനുള്ള ഫോട്ടോയെടുക്കുതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കിടപ്പിലായ കാര്‍ഡുടമകള്‍ക്ക് ക്യാമ്പിലെത്താന്‍ കഴിയില്ലെന്ന് സപ്ലൈ ഓഫീസര്‍മാരില്‍ പലരും അറിയിച്ചതിനെത്തുടര്‍ന്നാണിത്. 

നിലവിലുള്ള ഫോട്ടോയെടുക്കല്‍ ക്യാമ്പുകള്‍ തീര്‍ന്നതിനുശേഷമായിരിക്കും കിടപ്പുരോഗികളുടെ ഫോട്ടോയെടുപ്പ്. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല: