ലണ്ടനിലേക്കുള്ള യാത്രയ്ക്കായാണ് മലയാളിയും ഗ്രീന്‍പീസ് പ്രവര്‍ത്തകയുമായ പ്രിയ പിള്ള ജനുവരി പതിനൊന്നിന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പക്ഷേ ലണ്ടനിലേക്ക് തുടങ്ങിയ പ്രിയയുടെ യാത്ര ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ അവസാനിച്ചു. നിയമസാധുതയുള്ള ബിസിനസ്സ് വിസ കൈയിലുണ്ടായിരുന്നിട്ടും ഇമിഗ്രേഷന്‍ അധികൃതര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. മൂന്നുമണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച പ്രിയയെ മതിയായ വിശദീകരണങ്ങള്‍ നല്‍കാതെ യാത്രയില്‍ നിന്ന് വിലക്കി. അവരുടെ പാസ്‌പോര്‍ട്ടില്‍ 'ഓഫ്‌ലോഡ്'എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്ക് പുറത്തുപോകാന്‍ അനുവാദമില്ലാത്തവരുടെ പട്ടികയില്‍ പ്രിയയുടെ പേരും ഉള്ളതുകൊണ്ടാണ് യാത്ര തടഞ്ഞതെന്നായിരുന്നു ഇമിഗ്രേഷന്‍ അധികൃതരുടെ വിശദീകരണം.
മദ്ധ്യപ്രദേശിലെ കല്‍ക്കരി ഖനനത്തെ കുറിച്ചും അത് ആദിവാസി ജീവിതത്തിലും ഭൂപ്രൃകൃതിയിലും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചും ലണ്ടനിലെ ആള്‍ പാര്‍ട്ട'ി പാര്‍ലിമെന്ററി ഗ്രൂപ്പില്‍ ബ്രിട്ടീഷ് എം.പിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു പ്രിയയുടെ യാത്ര. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്സാര്‍ ഗ്രൂപ്പിന്റേയും ഹെഡല്‍കോയുടേയും സംയുക്തസംരംഭമാണ് മഹാനിലെ കല്‍ക്കരി ഖനി.
സാല്‍ മരങ്ങള്‍ നിറഞ്ഞ ഏഷ്യയിലെ ഏറ്റവും വലിയ വനമാണ് മഹാന്‍. ഇവിടെയുള്ള ആദിവാസി ജനസമൂഹത്തിന്റെ ഉടലും ഉയിരും ജീവിതവും ഈ വനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതങ്ങള്‍ക്കും കാട്ടിലെ അപൂര്‍വ്വ ജീവജാലങ്ങളുള്‍പ്പടെയുള്ള കാനനസമ്പത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് കല്‍ക്കരി ഖനി പ്രവര്‍ത്തന സജ്ജമാകുന്നത്. ഗ്രീന്‍പീസിന്റെ സജീവപ്രവര്‍ത്തക എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടത് തന്റെ കടമയായാണ് പ്രിയ കാണുന്നത്. ജനാധിപത്യരാജ്യത്തെ ഏതൊരാള്‍ക്കും അതിനുള്ള അവകാശവുമുണ്ട്.
ഒമ്പതുവയസ്സുള്ള മകന്‍ തനിക്കുണ്ട്. മഹാന്‍ വനമാണ് തങ്ങളുടെ വീടെന്ന് പറയുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മൂന്ന് വര്‍ഷങ്ങളാണ് മകനെ പിരിഞ്ഞ് താന്‍ വീട്ടില്‍ നിന്നും മാറി നിന്നത്. ലുക്ക്ഔട്ട് നോട്ടീസുകള്‍ തയ്യാറാക്കുന്നതിന് പകരം അധികാരികള്‍ മഹാനിലേക്കാണ് വരേണ്ടത്. അവര്‍ക്കു വേണ്ടിയാണ് സംസാരിക്കേണ്ടത്. പ്രിയ വികാരത്തോടെ സംസാരിക്കുന്നു.
ഫോറസ്റ്റ് കമ്മ്യൂണിറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാണോ? മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പൊരുതുന്നത് രാജ്യദ്രോഹമാണോ? പ്രിയ ചോദിക്കുന്നു. ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യമായല്ല ഇത്തരമൊരു നടപടി ഉണ്ടാകുന്നത്. മതിയായ വിസ രേഖകളോടെ ഇന്ത്യന്‍ വിമാനത്താവളത്തിലെത്തിയ യു.കെ സ്വദേശി ബെന്‍ ഹാര്‍ഗ്രീവ്‌സിനെ 2014 സെപ്റ്റംബറിലാണ് വിമാനത്താവളത്തില്‍ നിന്ന് തിരികെ കയറ്റി അയച്ചത്. ഗ്രീന്‍പീസിന് വരുന്ന വിദേശ ഫണ്ടുകള്‍ ആഭ്യന്തരമന്ത്രാലയം തടഞ്ഞതിന് തൊട്ടുപിറകേയായിരുന്നു ഹാര്‍ഗ്രീവ്‌സിന് വിമാനത്താവളത്തില്‍ വച്ച് ഈ അനുഭവമുണ്ടാകുന്നത്.
ഗ്രീന്‍പീസിനെ തളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികളെങ്കില്‍ ഇതൊന്നും തങ്ങളെ തളര്‍ത്തില്ലെന്ന നിലപാടിലാണ് പ്രിയ. തന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. പറയുക മാത്രമല്ല അതവര്‍ പ്രവര്‍ത്തിച്ചു കാട്ടുകയും ചെയ്തു. ലണ്ടനിലേക്ക് പോകാനായില്ലെങ്കിലും സാധ്യമായ മറ്റൊരു മാര്‍ഗത്തിലൂടെ (സ്‌കൈപ്പിലൂടെ) അവര്‍ ബ്രിട്ടീഷ് എംപിമാരെ അഭിസംബോധന ചെയ്തു. മഹാനിലെ ജനങ്ങളെ പ്രതിനിധീകരിച്ച് അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ താനിവിടെയുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത എല്ലാ അവകാശങ്ങളും അവര്‍ക്കും ഉറപ്പുവരുത്തും സ്‌കൈപ്പിലൂടെ പ്രിയ പറഞ്ഞു.
ഇന്ത്യയെ പോലുള്ള ജനാധിപത്യരാജ്യത്ത് മൗലികാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഒരു വ്യക്തിക്ക് നേരെ ഇന്നും തുടരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ മറ്റൊരു ഉദാഹരണം കൂടിയാവുകയാണ് പ്രിയ പിള്ള.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ