2015 ജനുവരി 25, ഞായറാഴ്‌ച

പ്രകൃതിയുടെ സംരക്ഷണം ഏറ്റവും പ്രധാനം: ഗവര്‍ണര്‍


തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അതിസുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന മുഖവുരയോടെ ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്തെ അഭിസംബോധനചെയ്തു. 

പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറികളും പാറമടകളും ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണം. അതിന് നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

മോദി സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. മോദി മുന്‍കൈയെടുത്ത് നടപ്പാക്കിയ സ്വച്ഛ്ഭാരത് പദ്ധതിയും ജന്‍ധന്‍ യോജനയുമൊക്കെ ശ്ലാഘനീയമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന പല ജനപ്രിയ പദ്ധതികളുമാണ് കേരളത്തെ നയിക്കുന്നത്- അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയാന്‍ പോലീസ് വകുപ്പും മറ്റു അനുബന്ധവകുപ്പുകളും കൂടുതല്‍ പരിശ്രമിക്കണം. കുട്ടനാട്ടില്‍ പടര്‍ന്നു പിടിച്ച പക്ഷിപ്പനി തടയാന്‍ മൂന്നുദിവസം കൊണ്ട് ആരോഗ്യവകുപ്പിന് കഴിഞ്ഞത് അഭിനന്ദനമര്‍ഹിക്കുന്നു. സര്‍ക്കാര്‍ മാത്രമല്ല ജനങ്ങളും സമൂഹനന്മയ്ക്കായി മുന്നിട്ടിറങ്ങണം. രോഗിയായ നിര്‍ദ്ധനയുവാവിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ബസ്സുടമയുടെയും ജീവനക്കാരുടെയും വാര്‍ത്ത അതിനുദാഹരണമാണ്- അദ്ദേഹം പറഞ്ഞു. 

നൊബേല്‍ സമ്മാനം ഇന്ത്യയ്ക്കും പാകിസ്താനും സംയുക്തമായി ലഭിച്ച കഴിഞ്ഞവര്‍ഷം അവിസ്മരണീയമാണ്. ലോകസമാധാനത്തിനായി ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അത് പ്രചോദനമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: