2015 ജനുവരി 27, ചൊവ്വാഴ്ച

ഇന്ത്യ അമേരിക്കയോട് പങ്കുവച്ച ആശങ്ക ചൈനയെക്കുറിച്ച്‌


 inthya amerikkayod pangkuvacha aashangka chainayekkurich

ദില്ലി: ഇന്ത്യ അമേരിക്ക ചര്‍ച്ചയില്‍ ചൈന പ്രധാന വിഷയമായതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മോദി തന്നെയാണ് ഉപയകക്ഷി ചര്‍ച്ചക്കിടയില്‍ ചൈന പ്രദേശത്ത് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച്‌ ആശങ്ക അറിയിച്ചത് എന്നാണ് യു.എസ് മാധ്യമങ്ങള്‍ പറയുന്നത്. ചൈനയുടെ വളര്‍ച്ച തടയുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം എന്നും മോദി ഒബാമയോട് ആവശ്യപ്പെട്ടു. ഏഷ്യാ പസഫിക്ക് മേഖലയില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ അമേരിക്ക എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന സംയുക്ത പ്രതിരോധ കൂട്ട് കെട്ട് ഉണ്ടാക്കുന്നത് പരിഗണിക്കണം എന്ന് ഒബാമയും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യഅമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതില്‍ ആശങ്കയറിച്ച്‌ പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കാന്‍ ചൈന നീക്കം തുടങ്ങി. പാക്കിസ്ഥാനുമായി ഒരിക്കലും വേര്‍പെടുത്താനാകാത്ത സൗഹൃദമാണ് ഉള്ളതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പ്രതികരിച്ചു. വികസന കാര്യങ്ങളില്‍ പാക്കിസ്ഥാന് കൂടുതല്‍ സഹായങ്ങള്‍ നല്‍കാനും ചൈന തീരുമാനിച്ചതായി സൂചന. ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കമാണ് ഇന്ത്യയുമായുള്ള കരാറുകളെന്ന് ചൈന വിലയിരുത്തുന്നു.ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കാനുള്ള ചൈനയുടെ നീക്കവും തുടങ്ങിയിരിക്കുന്നത്. ഇന്ത്യഅമേരിക്ക കൂട്ടുകെട്ട് ദൃഢമാകുന്നത് വലിയ അപകടമാണെന്ന വിലയിരുത്തലിലാണ് ചൈന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കയുടെ നിരീക്ഷണം എത്തുന്നത് ഗുണകരമല്ലെന്നും, ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിലേക്ക് കടന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. ഒബാമനരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ഭീകരവാദത്തിനെതിരെ ഇറക്കിയ സംയുക്ത പ്രസ്താവനക്കെതിരെ ചൈനയിലെയും പാക്കിസ്ഥാനിലെയും ഔദ്യോഗിക മാധ്യമങ്ങള്‍ ഒരേ രീതിയിലാണ് വിമര്‍ശിച്ചത്.. പാക്കിസ്ഥാനുമായുള്ള ബന്ധം ഒരിക്കലും വേര്‍പെടുത്താന്‍ സാധിക്കാത്തതാണെന്ന പ്രസ്താവന ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി നടത്തികയതും ശ്രദ്ധേയമായി. ഇന്ത്യപാക്കിസ്ഥാന്‍ ബന്ധം വഷളാക്കുന്നതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന വിലയിരുത്തലും ചൈന മുന്നോട്ടുവെക്കുന്നു. അതേരീതിയില്‍ ഇന്ത്യചൈന ബന്ധംകൂടി തകര്‍ക്കാനാണ് അമേരിക്കയുടെ നീക്കമെന്നും ചൈന ആരോപിക്കുന്നു. എന്തായാലും ഇന്ത്യഅമേരിക്ക ധാരണകളെ ആശങ്കയോടെ കാണുന്ന ചൈന പാക്കിസ്ഥാനുമായി ഉണ്ടാക്കുന്ന ധാരണകള്‍ ഇന്ത്യയും ആശങ്കയോടെയാണ് കാണുന്നത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്ക് ചൈന നല്‍കുന്ന പരോക്ഷ പിന്തുണ പലഘട്ടങ്ങളിലും വ്യക്തമായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അക്കാര്യങ്ങളില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: