2015 ജനുവരി 26, തിങ്കളാഴ്‌ച

വിമാനപാതയില്‍ ഡ്രോണുകളുടെ ദുരുപയോഗം; ദുബൈയില്‍ വിമാനങ്ങള്‍ മുടങ്ങി


 

കൃത്രിമമായി നിര്‍മ്മിച്ച ഡ്രോണുകള്‍ വിമാന പാതയില്‍ കണ്ടതിനാല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഒരു മണിക്കൂറോളം മുടങ്ങി. അനുമതി കൂടാതെ ഡ്രോണുകള്‍ നിര്‍മ്മിച്ച്‌ വിടുന്നത്​കുറ്റകൃത്യമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

സര്‍ക്കാര്‍ വക സേവന പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഡ്രോണുകള്‍ പ്രയോജനപ്പെടുത്താന്‍ ദുബൈ ഉള്‍പ്പെടെ യു.എ.ഇ എമിറേറ്റുകള്‍ പദ്ധതി ആവിഷ്കരിച്ചു വരികയാണ്. എന്നാല്‍ അതിനിടയിലാണ് ഡ്രോണുകള്‍ മൂലം വിമാന സര്‍വീസുകള്‍ മണിക്കൂറോളം താളം തെറ്റുന്ന സ്ഥിതി ഉണ്ടായത്. വിമാന പാതയില്‍ ഡ്രോണുകളുടെ ദുരുപയോഗം ബോധ്യപ്പെട്ടതാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ എയര്‍ ട്രാഫിക് വിഭാഗത്തെ പ്രേരിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതല്‍ 3.55 വരെയാണ് ദുബൈയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചത്. പുനര്‍നിര്‍മിച്ച ഡ്രോണുകളാണ് പ്രയാസം സൃഷ്ടിച്ചത്. യഥാര്‍ഥ വിമാന പാതയില്‍ ഇത്തരം ഡ്രോണുകളുടെ സാന്നിധ്യം നാവിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല യാത്രക്കാരുടെ സുരക്ഷക്കും അപകടംചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കൂടാതെയുള്ള ഡ്രോണ്‍ ഉപയോഗം വിലക്കാനാണ് ദുബൈയുടെ നീക്കം. ഡ്രോണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും റൂട്ട് തിരിച്ചു വിടാനും തീരുമാനിക്കുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ അഹ്മദ് മുഹമ്മദ് ബിന്‍ ഥാനി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: