2015 ജനുവരി 26, തിങ്കളാഴ്‌ച

പാക്കിസ്ഥാന്‍ പകരം വയ്ക്കാനില്ലാത്ത ഉറ്റ മിത്രമെന്ന് ചൈന

 
ബെയ്ജിങ് • ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ ആദ്യമായി ഒരു യുഎസ് പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുത്തതിലൂടെ ഇന്ത്യ_യുഎസ് ബന്ധം പുതിയ തലങ്ങളിലേക്ക് വളരുന്പോള്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമവുമായി ചൈന രംഗത്ത്. ചൈനയുടെ പകരം വയ്ക്കാനില്ലാത്ത ഉറ്റ സുഹൃത്താണ് പാക്കിസ്ഥാനെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രംഗത്തെത്തി. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിനോടാണ് അദേഹം ഇങ്ങനെ പറഞ്ഞത്.
 
 രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ റഹീല്‍ പീപ്പീള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ യു സെങ്‌ഷെങ്ങുമായും മുതിര്‍ന്ന നേതാവ് മെങ് ജിയാന്‍ഷുവുമായും ചര്‍ച്ച നടത്തി. ചൈനയ്ക്ക് വ്യക്തികള്‍ക്കതീതമായ ഒരു സ്ഥിരം നയം പാക്കിസ്ഥാന്‍റെ കാര്യത്തിലുണ്ടെന്നും പാക്കിസ്ഥാന്‍റെ ഉത്കണ്ഠകള്‍ ചൈനയുടേത് കൂടിയാണെന്നും കൂടിക്കാഴ്ചയില്‍ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മെങ് ജിയാന്‍ഷു വ്യക്തമാക്കി. എക്കാലവും പാക്കിസ്ഥാന്‍ ചൈനയ്‌ക്കൊപ്പം നില കൊണ്ടിട്ടുണ്ടെന്ന് യു സെങ്ഷാങ്ങും പറഞ്ഞു. ചൈനയുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്താണ് പാക്കിസ്ഥാനെന്നും അദേഹംവ്യക്തമാക്കി.നേരത്തെ, ഇന്ത്യ_യുഎസ് സംയുക്ത നയതന്ത്ര ദര്‍ശനരേഖയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ചൈന രംഗത്തു വന്നിരുന്നു. ഏഷ്യ പസഫിക് മേഖലയില്‍ കടന്നുകയറാനുള്ള യുഎസ് തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുവെന്നു ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ് രാഷ്ട്രപതിക്കയച്ച റിപ്പബ്ളിക് ദിന സന്ദേശത്തിലാണ് വ്യക്തമാക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല: