2015 ജനുവരി 26, തിങ്കളാഴ്‌ച

അക്രമം: പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരുടെ തിരക്ക്

akramam: polees steshanil parathikkarude thirakk

പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരുടെ തിരക്ക്




നാദാപുരം• തൂണേരി പഞ്ചായത്തിലെ വിവിധ മേഖലകളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കുന്നതിന് ആളുകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവഹിച്ചതോടെ സ്‌റ്റേഷനില്‍ ക്യൂ സന്പ്രദായം ഏര്‍പ്പെടുത്തി. വൈകിട്ടു വരെയായി 35 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. അക്രമങ്ങളെ തുടര്‍ന്ന് വീടു വിട്ടോടിപ്പോയവരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബന്ധു വീടുകളില്‍ നിന്നും മറ്റുമാണു സ്‌റ്റേഷനിലെത്തിച്ചത്. വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെയുണ്ടായ അക്രമങ്ങളില്‍ നഷ്ടമുണ്ടായ ഇവരില്‍ പലരും ഇന്നലെ മാത്രമാണ് തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്‍റെ വ്യാപ്തി മനസ്സിലാക്കിയത്. വീടുകളുള്‍പ്പെടെ പ്രിയപ്പെട്ടതെല്ലാം ചാന്പലായതു കണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ പലരും പാടുപെട്ടു. സര്‍വ്‌വകക്ഷി യോഗം ചേര്‍ന്ന് സമാധാന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ തൂണേരിയില്‍ പുതുക്കുടി മജീദിന്‍റെ തേങ്ങാകൂടയ്ക്ക് തീവയ്പുണ്ടായെങ്കിലും അഗ്നിശമന സേന കുതിചെ്ചത്തി തീ അണച്ചു. വന്‍ പൊലീസ് സന്നാഹവുമെത്തിയെങ്കിലും തീ വച്ചവരെ കണ്ടെത്താനായില്ല. സമാധാന പ്രവര്‍ത്തനങ്ങള്‍സജീവമായിരുന്നു. നേതാക്കളുടെ സന്ദര്‍ശനത്തിനും കുറവുണ്ടായില്ല. കൊല്ലപ്പെട്ട ഷിബിന്‍റെ വീട്ടിലെത്തിയ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. പി. സതീദേവി, പി. മോഹനന്‍, ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. കൊലപാതകവും കൊള്ളയും കൊള്ളിവയ്പും നടത്തിയ പ്രതികളെ നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് കെപിസിസി അംഗം എെ. മൂസ ആവശ്യപ്പെട്ടു. എ. സജീവന്‍, റിജേഷ് നരിക്കാട്ടേരി, തേറത്ത് കുഞ്ഞികൃഷ്ണന്‍നന്പ്യാര്‍, അശോകന്‍ തൂണേരി, പി.പി. മൂസഹാജി, നികേഷ് കണ്ടിയില്‍ തുടങ്ങിയവരൊന്നിച്ച്‌ നഷ്ടമുണ്ടായ വീടുകള്‍ സന്ദര്‍ശിച്ചു. എസ്‌ജെഡി ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍, യൂത്ത് ലീഗ് ഭാരവാഹികളായ പി.പി.എ. അസീസ്, നജീബ് കാന്തപുരം, കെ.ടി. അബ്ദുറഹ്മാന്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി. വെള്ളൂര്‍ കോടഞ്ചേരിയില്‍ ഇ.കെ. വിജയന്‍ എംഎല്‍എ, തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സുജാത, വൈസ് പ്രസിഡന്‍റ് കെ.എം. സമീര്‍, മറ്റു മെംബര്‍മാര്‍, ജില്ലാ പഞ്ചായത്തംഗം വി.പി. കുഞ്ഞികൃഷ്ണന്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമാധാന സന്ദേശജാഥ നടത്തി . ഇന്ന് ഈ മേഖലയില്‍ സമാധാന പ്രചാരണം നടത്തും.

അഭിപ്രായങ്ങളൊന്നുമില്ല: