2015 ജനുവരി 24, ശനിയാഴ്‌ച

ഒബാമയെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി

 
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തി. കാലത്ത് 9.45ന് ന്യൂഡല്‍ഹി പാലം വിമാനത്താവളത്തില്‍ പത്‌നി മിഷേലിനൊപ്പമെത്തിയ ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഹസ്തദാനം നല്‍കിയും ആലിംഗനം ചെയ്തും സ്വീകരിച്ചു. നേരത്തെ ഊര്‍ജവകുപ്പ്മന്ത്രി പീയുഷ് ഗോയല്‍ ഒബാമയെ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രോട്ടോക്കോളില്‍ നിന്ന് വ്യതിചലിച്ചാണ് മോദി ഒബാമയെ സ്വീകരിക്കാനെത്തിയത്. 2010ല്‍ തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രാട്ടോക്കോള്‍ തെറ്റിച്ച് ഒബാമയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകള്‍ ഘടിപ്പിച്ച ബീസ്റ്റ് എന്ന കാറിലാണ് ഒബാമയും മിഷേലും വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയത്. ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചശേഷം ഒബാമ രാഷ്ട്രപതിഭവനിലെത്തും. അവിടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംയുക്തമായി വിരുന്നു നല്‍കും. അതിനുശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. അതിനുശേഷമാവും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുക. ഹൈദരാബാദ് ഹൗസില്‍ മോദിക്കൊപ്പം ഉച്ചയൂണ് കഴിച്ചശേഷമാവും ചര്‍ച്ചകള്‍.

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയാണ് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒബാമ എത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അമേരിക്കന്‍ പ്രസിഡന്റായശേഷം ഇത് രണ്ടാം തവണയാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ന്യൂഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒബാമയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകളെല്ലാം പോലീസ് തടഞ്ഞിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: