2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

കള്ളപ്പണം: കൂടുതല്‍ പേരുകള്‍ പുറത്ത്; അന്വേഷണം ആരംഭിച്ചു


 

ന്യൂഡല്‍ഹി • സ്വിറ്റ്സര്‍ലന്‍ഡില്‍ കള്ളപ്പണ നിക്ഷേപമുള്ള കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്. 2006_07 സാന്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച്‌ 1195 ഇന്ത്യക്കാര്‍ക്കാണ് സൂറിച്ചിലെ എച്ച്‌എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ളത്. ഒരു മലയാളിയുടെ പേരും ഈ പട്ടികയിലുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പേരുകളില്‍ പലര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.സൂറിച്ചിലെ എച്ച്‌എസ്ബിസി ബാങ്കില്‍ ഇന്ത്യക്കാര്‍ക്ക് 25,420 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായികളും ഒട്ടേറെ രാഷ്ട്രീയ നേതാക്കളും പ്രവാസി ഇന്ത്യക്കാരും ഈ പട്ടികയിലുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഛാബ്രിയ കുടുംബത്തിനാണ് ഏറ്റവും അധികം നിക്ഷേപം. 874 കോടി രൂപ. ഗൃഹാലങ്കാര വ്യവസായി മഹേഷ് തരാനിയുടെ അക്കൗണ്ടില്‍ 252 കോടിയും എമ്മാര്‍ എംജിഎഫ് ഗ്രൂപ്പ് ഉടമകളായ ഗുപ്ത ദന്പതികളുടെ അക്കൗണ്ടില്‍ 210 കോടി രൂപയുമുണ്ട്. മുകേഷ് അംബാനി, അനില്‍ അംബാനി എന്നിവരുടെ അക്കൗണ്ടുകളില്‍ 165 കോടി രൂപവീതവും ഇവരുടെ സഹോദരീ ഭര്‍ത്താവ് ഭദ്രാശ്യാം കോത്താരിയുടെ അക്കൗണ്ടില്‍ 195 കോടിയുമുള്ളതായാണ് രേഖകള്‍. മുന്‍ കേന്ദ്രമന്ത്രി പ്രണീത് കൗര്‍, മുന്‍ എംപി അനു ടാന്‍ഡന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണ് പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അനു ടാന്‍ഡന്‍റെ അക്കൗണ്ടില്‍ 36 കോടിയും ഭര്‍ത്താവ് സന്ദീപ് ടാന്‍ഡന്‍റെ അക്കൗണ്ടില്‍ 166 കോടി രൂപയുമാണുള്ളത്. പ്രണീത് കൗറിന്‍റെയും റാണെ കുടുംബത്തിന്‍റെയും അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് വ്യക്തമല്ല. ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെയ്ക്ക് 60 ലക്ഷം രൂപയുടെ നിക്ഷേപമാണ് സൂറിച്ച്‌ എച്ച്‌എസ്ബിസിയിലുള്ളത്. കണ്ണൂര്‍ സ്വദേശി ആനി മെല്‍വെര്‍ഡാണ് 1195 പേരുടെ പട്ടികയിലുള്ള ഏക മലയാളി. ദുബായില്‍ നിന്നാണ് ഇവര്‍ അക്കൗണ്ട് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ പക്കലുള്ള 628 പേരുടെ പട്ടികയിലുള്ളതാണ് ഇവയില്‍ പല പേരുകളും. ഇവര്‍ക്കെതിരെ അന്വേഷണം നടന്നു വരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: