2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

കള്ളപ്പണം: മലയാളി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പുറത്ത്


 

ന്യൂഡല്‍ഹി• എച്ച്‌എസ്ബിസി ബാങ്കില്‍ കള്ളപ്പണമുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. എച്ച്‌എസ്ബിസിയുടെ ജനീവ ബ്രാഞ്ചിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഫ്രാന്‍സ് പുറത്തിവിട്ടതിലും ഇരട്ടിയിലധികം പേര്‍ക്കാണ് ഇവിടെ വിദേശ നിക്ഷേപമുള്ളത്. 1,195 പേരുകളാണ് പുറത്തുവിട്ടത്. രാജ്യാന്തര തലത്തിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. കള്ളപ്പണമുള്ളവരില്‍ അംബാനി സഹോദരന്മാരും മുന്‍ കേന്ദ്രമന്ത്രി പ്രണീത് കൗറും ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെയും നരേഷ് ഗോയലും അനു ടണ്ടനും ഒരു മലയാളിയും ഉള്‍പ്പെടുന്നു. അംബാനി സഹോദരന്മാര്‍ക്ക് 165 കോടി രൂപ വീതം നിക്ഷേപമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിനിയായ ആനി മെല്‍വെര്‍ഡാണ് പട്ടികയില്‍ പേരുള്ള മലയാളി. ഇവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ നിക്ഷേപമുണ്ട്. അതേസമയം, കള്ളപ്പണമുള്ളവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. 60 പേര്‍ക്കെതിരെയുള്ള നടപടികളാണ് തുടങ്ങിയത്. 1,500 കോടിയിലധികം രൂപയാണ് വിദേശബാങ്കുകളില്‍ ഉള്ളത്. വിദേശ ബാങ്കുകളില്‍ നിക്ഷേപണമുണ്ടെന്നുസംശയിക്കുന്നവര്‍ക്കെതിരെ ആദായ നികുതിവകുപ്പ് ഒരു സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നു. അതിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരായ നിയമനടപടികള്‍ ആരംഭിച്ചത്. അതേസമയം, ഇരട്ടനികുതി നിയമപ്രകാരം കോടതി നടപടികള്‍ തുടങ്ങിയതിനു ശേഷം മാത്രമേ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കൂ. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് വിദേശബാങ്കുകളില്‍ അക്കൗണ്ടുള്ള 627 പേരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്കു നല്‍കിയത്. അതിനുശേഷം വിദേശത്തുള്ള കള്ളപ്പണം തിരികെയെത്തിക്കാന്‍ നടപടിയെടുക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മാര്‍ച്ച്‌ 31 അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: