2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ഒമാനില്‍ വിലനിയന്ത്രണാധികാരം ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക്


 

മസ്‌കറ്റ് : ഒമാനില്‍ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം പൂര്‍ണമായും ഉപഭോക്തൃ സംരക്ഷണ പൊതു അതോറിറ്റിക്ക് കീഴിലാക്കി. പബ്ലിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം ഈ തീരുമാനം നടപ്പിലാവും. നേരത്തെ 23 ഉത്പന്നങ്ങളുടെ വിലനിയന്ത്രണം മാത്രം അതോറിറ്റിയുടെ കീഴിലാക്കി നിയമം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് എതിര്‍പ്പുകളെ തുടര്‍ന്ന് അത് മാറ്റി എല്ലാ ഉത്പന്നങ്ങളുടെയും വിലനിയന്ത്രണം അതോറിറ്റിക്ക് കീഴില്‍ത്തന്നെയാക്കി. നിലവിലുള്ള നിയമം മാറ്റം വരുത്തില്ലെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് കമ്മിറ്റി പ്രസിഡന്റ് അലി അല്‍ബാദില ചൂണ്ടിക്കാട്ടി.
2014 മാര്‍ച്ചില്‍ നടന്ന കാബിനറ്റ് കൗണ്‍സില്‍ യോഗത്തിലാണ് 23 ഉത്പന്നങ്ങളെ മാത്രം അതോറിറ്റിയുടെ പരിധിയിലാക്കിയത്. ബാക്കി ഉത്പന്നങ്ങളുടെ വിലനിയന്ത്രണം മാര്‍ക്കറ്റിലെ കുത്തകകള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 23 ഉത്പന്നങ്ങളെ മാത്രം സംരക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇത് തുറന്ന വ്യാപാര രീതിക്ക് വഴിവെക്കുമെന്നും വാങ്ങുന്നവനും വില്‍ക്കുന്നവനും ഒരുപോലെ ഗുണകരമാകുമെന്നുമൊക്കെ ആയിരുന്നു അതിനുള്ള ന്യായീകരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരമൊരു മാറ്റം കുത്തക സംഭരണത്തിന് വഴിതുറക്കുമെന്നും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും കാരണമാകുമെന്നും വിലയിരുത്തലുമുണ്ടായി. തുടര്‍ന്നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഈ തീരുമാനം മാറ്റിവെച്ചത്. പുതിയ ഉപഭോക്തൃ സംരക്ഷണനിയമം നിലവില്‍വരുന്നതുവരെ പഴയ സ്ഥിതി തുടരാനായിരുന്നു തീരുമാനം. അരി, മാവ്, എണ്ണ, നെയ്യ്, പഞ്ചസാര, ഉപ്പ്, തേയില, കാപ്പി, ലെന്‍ടില്‍സ്, കിഡ്‌നി ബീന്‍സ്, ബ്രോഡ് ബീന്‍സ്, ചിക്പീസ്, മാഷ്, ടൊമാറ്റോ സോസ്, ലോന്‍ട്രി സോപ്പ്, ഫ്രഷ് ആന്‍ഡ് ഫ്രോസന്‍ മീറ്റ്, ഫ്രഷ് ആന്‍ഡ് ഫ്രോസന്‍ ഫിഷ്, ഫ്രഷ് ആന്‍ഡ് ഫ്രോസന്‍ ചിക്കന്‍, കണ്ടന്‍സ്ഡ് മില്‍ക്, പാല്‍പ്പൊടി, പാല്‍ ഉത്പന്നങ്ങള്‍, ഫ്രഷ് മില്‍ക്, വെണ്ണ, ബട്ടര്‍ എന്നീ ഉത്പന്നങ്ങളാണ് അതോറിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: