2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

തെങ്ങുകയറ്റം ഇനി എളുപ്പം: ആദ്യബാച്ച്‌ പരിശീലനം പൂര്‍ത്തിയാക്കി


 thengukayatam ini eluppam: aadhyabach parisheelanam purthiyakki

കോയന്പത്തൂര്‍ • കാരമട ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സെന്‍റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, കൊച്ചി നാളികേര വികസന ബോര്‍ഡ് എന്നിവ ചേര്‍ന്നു നടത്തുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍ ആദ്യ ബാച്ച്‌ പരിശീലനം പൂര്‍ത്തിയാക്കി. കഴിഞ്ഞ രണ്ടിനു തുടങ്ങിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 18നും 45നും മധ്യേ പ്രായമുള്ള 19 സ്ത്രീകള്‍ അടക്കം 20 പേരാണു വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. കാരമട ബേ്ളാക്കിലെ തേരംപാളയം, തെമ്മാരംപാളയം, ബെല്ലാദി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണിവര്‍. ആധുനിക തെങ്ങുകയറ്റ യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു ആറു ദിവസത്തെ പരിശീലനം. തെങ്ങു കയറ്റത്തില്‍ പരിശീലനം നല്‍കിയതോടൊപ്പം, വ്യായാമം, തെങ്ങുകളുടെ പരിപാലനം, തെങ്ങുകളെ ബാധിക്കുന്ന രോഗങ്ങള്‍, അവയ്ക്കുള്ള പ്രതിരോധം, പ്രകൃതിദത്ത വളപ്രയോഗം, കീടനാശിനി ഉപയോഗം, പ്രഥമ ശുശ്രൂഷ, സാന്പത്തിക സുരക്ഷ, ലൈഫ് സ്കില്‍സ് എന്നിവയില്‍ വിദഗ്ധര്‍ ക്ലാസുകളെടുത്തു. 2015ല്‍ തമിഴ്നാട്ടില്‍ 15 സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 2000 പേര്‍ക്കു തെങ്ങു കയറാന്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതായി ചെന്നൈ നാളികേര വികസന ബോര്‍ഡിലെസ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കന്യാകുമാരി, ശിവഗംഗ, തിരുച്ചിറപ്പള്ളി, കരൂര്‍, ഗോപിചെ്ചട്ടിപ്പാളയം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ തെങ്ങു കയറ്റ പരിശീലനം സംഘടിപ്പിച്ചിരുന്നു. കാരമടയില്‍ അഞ്ചു ബാച്ചുകളിലായി കോയന്പത്തൂര്‍ ജില്ലയില്‍ നിന്നുള്ള നൂറുപേര്‍ക്കു പരിശീലനം നല്‍കും. മടത്തുക്കുളം നാളികേര ഉല്‍പാദക സംഘം പ്രസിഡന്‍റ് ജയമണി, മഹേഷ് പ്രഭു, ജീവാനന്ദം എന്നിവരാണു പരിശീലകര്‍. തെങ്ങു കയറാന്‍ പ്രവീണ്യമുള്ളവരുടെ ദൗര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെയാണു പരിശീലന പരിപാടി നടത്തുന്നത്. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ഏതു മേഖലയിലും സ്ത്രീകള്‍ക്കും സ്ഥാനമുണ്ടെന്ന് ആദ്യ ബാച്ചില്‍ പങ്കെടുത്ത സ്ത്രീകളുടെ പ്രകടനം തെളിയിച്ചതായി ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സെന്‍റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി ഡയറക്ടര്‍ സിസ്റ്റര്‍ അനില മാത്യു പറഞ്ഞു. പങ്കെടുത്ത എല്ലാവരും രണ്ടു ദിവസം കൊണ്ടു തെങ്ങില്‍ കയറാന്‍ പഠിച്ചത്രെ. പെരിയനായ്ക്കന്‍പാളയം അഗ്രികള്‍ച്ചര്‍ ഓഫിസര്‍ സിനിരാജിന്‍റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 20 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍, രണ്ടു ലക്ഷം രൂപയുടെ സൗജന്യഇന്‍ഷുറന്‍സ് പോളിസി, തെങ്ങു കയറ്റ യന്ത്രം എന്നിവ വിതരണം ചെയ്തു. തെങ്ങു കയറാന്‍ തൊഴിലാളികളെ ലഭിക്കാത്തതും വന്‍തുക പ്രതിഫലം നല്‍കേണ്ടിവരുന്നതുമാണു തെങ്ങു കയറ്റം പഠിക്കാന്‍ കാരണമെന്നു പരിശീലന പരിപാടിയില്‍ പങ്കെടുത്ത തോലംപാളയത്തെ രുഗ്മിണി പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: