മസ്‌കറ്റ് • നിക്ഷേപ, തൊഴില്‍ മേഖലകളിലടക്കം വന്‍ സാധ്യതകള്‍ക്കു വഴിയൊരുക്കി ജിസിസി റയില്‍ പദ്ധതി വികസന ട്രാക്കില്‍. പദ്ധതിക്കായി ഗള്‍ഫ് രാജ്യങ്ങള്‍ 20,000 കോടിയിലേറെ ഡോളര്‍ ചെലവഴിക്കും. 2018ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ലോകത്തെ പ്രമുഖ കമ്പനികളെ ആകര്‍ഷിക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാനും പദ്ധതി സഹായകമാകും. ചരക്കുനീക്കം കൂടുതല്‍ സുഗമവും ചെലവുകുറഞ്ഞതുമാകും.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കരാര്‍ നേടാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ രംഗത്തുള്ളതായാണു റിപ്പോര്‍ട്ട്. സ്‌റ്റേഷനുമായി ബന്ധപ്പെട്ട അടിസ്‌ഥാനസൌകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കരാര്‍ നേടുകയാണു ലക്ഷ്യം. റയില്‍രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ സുപ്രധാന പങ്കു വഹിക്കാനാകും.
ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 40,000ലേറെ കിലോമീറ്റര്‍ പാതയാണു യാഥാര്‍ഥ്യമാകുകയെന്ന് ജിസിസി റയില്‍ ആന്‍ഡ് മെട്രോ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഒമാന്‍ ഗതാഗതമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ ഫുതൈസി പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര, ധനകാര്യ പ്രതിനിധികള്‍ക്കു പുറമേ ഇത്തിഹാദ് റയില്‍, സൌദി റയില്‍വേസ് ഓര്‍ഗനൈസേഷന്‍, സൌദി റയില്‍വേ കമ്പനി, ഖത്തര്‍ റയില്‍, ഒമാന്‍ റയില്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
25 രാജ്യങ്ങളില്‍ നിന്നുള്ള 500ലേറെ പേരാണ് സമ്മേളനത്തിനെത്തിയത്. ഒമാനില്‍ പുരോഗമിക്കുന്ന റയില്‍ പദ്ധതി നിശ്‌ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കും. 2135 കിലോമീറ്റര്‍ വരുന്ന പദ്ധതിയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉണ്ടാകും. 207 കിലോമീറ്റര്‍ വരുന്ന സോഹാര്‍–ബുറൈമി പാത ഇതില്‍ പ്രധാനമാണ്. ഇതാകും ആദ്യം പൂര്‍ത്തിയാക്കുക. തുടര്‍ന്നു ദുഖം–തുംറൈത്–സലാല, സോഹാര്‍ തുറമുഖം–മസ്‌കറ്റ്, അല്‍ മിസ്‌ഫ–സിനാ, തുംറൈത്–അല്‍ മേസൂന, സോഹാര്‍–ഖത്‌മത് മലാലാ പാതകള്‍.
ദുഖം മേഖലയിലൂടെ ഒമാന്‍ റയില്‍ കടന്നുപോകുന്നുവെന്നത് വ്യവസായമേഖലയ്ക്ക് ഉണര്‍വേകും. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഫ്രീസോണുകളില്‍ ഒന്നായ ഇവിടെ റിഫൈനറി, വന്‍വ്യവസായ സ്‌ഥാപനങ്ങള്‍, പെട്രോകെമിക്കല്‍ കമ്പനികള്‍ എന്നിവ കടന്നുവരും. വന്‍തോതിലുള്ള വിദേശനിക്ഷേപമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. സൌദി അറേബ്യന്‍ റയില്‍വേസ് (എസ്‌എആര്‍) 5000 കിലോമീറ്റര്‍ പാതയാണു നിര്‍മിക്കുന്നതെന്ന് സിഇഒ: ഡോ. റുമയ്യ എം. അല്‍ റുമയ്യ പറഞ്ഞു.
ഇതില്‍ 1400 കിലോമീറ്റര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ ഖനികളില്‍ നിന്നു ഫോസ്‌ഫേറ്റും ബോക്‌സൈറ്റും റസ് അല്‍ ഖൈര്‍ തുറമുഖത്തേക്കു കൊണ്ടുവരാന്‍ ഈ പാത സുപ്രധാനമാണെന്നത് വ്യവസായ രംഗത്തു മുതല്‍ക്കൂട്ടാകും. ഇതിനോടകം 65 ലക്ഷം ടണ്‍ ഫോസ്‌ഫേറ്റ് കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതുവഴി ഇന്ധനച്ചെലവിന്റെ 70% ലാഭിക്കാന്‍ കഴിഞ്ഞതായും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ