2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

മ്യൂണിക്കില്‍ സര്‍ഫ് ചെയ്ത് സമയം കളയാം; ദുബായില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ചുറ്റിത്തിരിയാം; എയര്‍ പോര്‍ട്ടുകളിലെ നിങ്ങള്‍ അറിയാത്ത നേരം കൊല്ലികളുടെ കഥ..


 myunikkil sarph cheyth samayam kalayam; dhubayil

വി മാനത്താവളങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ പ്രവാസികളായ നമ്മളില്‍പ്പലരുമുണ്ട്. വിമാനം ഇടയ്ക്ക് വൈകിയാല്‍ വിമാനത്താവളങ്ങളില്‍ കുത്തിയിരുന്ന് ഉറങ്ങി നേരം വെളുപ്പിക്കുകയാണ് പതിവ്. എന്നാല്‍, ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഒരു ദിവസം മുഴുവന്‍ കാണാനുള്ള കാഴ്ചകള്‍ ഉണ്ട് എന്നതാണ് സത്യം. എത്ര വൈകിയാലും ബോറടിക്കാത്ത എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. അത്തരം പ്രധാനപ്പെട്ട ചില വിമാനത്താവളങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ വിമാനത്താവളങ്ങളിലെത്തിയാല്‍ അവിടെനിന്ന് പോകാന്‍ നിങ്ങള്‍ക്ക് തോന്നുകയേയില്ല. വിമാനം കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും. അത്രയ്ക്കും മനോഹരമായ ലോകങ്ങളാണ് ഈ വിമാനത്താവളങ്ങള്‍. ഒരു രാത്രി മുഴുവന്‍ ഇവിടെ തങ്ങേണ്ടിവന്നാലും ഒരു നിമിഷം പോലും മുഷിപ്പ് തോന്നാത്തത്രയും മനോഹരം. 4ഡി സിനിമ മുതല്‍ സ്വിമ്മിങ് പൂളുകളും ഗോള്‍ഫ് കോഴ്‌സുകളും വരെയുള്ള വിമാനത്താവളങ്ങളാണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന് വേദിയായ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം അത്തരത്തിലൊന്നാണ്. മറ്റുള്ള എയര്‍പോര്‍ട്ടുകള്‍ ഷോപ്പുകളും റെസ്റ്റോറന്റുകളും കൊണ്ട് നടക്കാന്‍ പറ്റാത്ത നിലയിലാണെങ്കില്‍, ഇഞ്ചിയോണ്‍ വിനോദത്തിന്റെ കേന്ദ്രമാണ്. രണ്ട് സിനിമാ തീയറ്ററുകള്‍, ഏഴ് പൂന്തോട്ടങ്ങള്‍, ഗോള്‍ഫ് കോഴ്‌സ്, സംഗീത നൃത്ത കേന്ദ്രം തുടങ്ങി ഇവിടെയില്ലാത്തതൊന്നുമില്ല. ലോകത്തെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി പരിഗണിക്കപ്പെടുന്നത് ഇഞ്ചിയോണാണ്. സിംഗപ്പുരിലെ ചാംഗി വിമാനത്താവളം കാഴ്ചയുടെ മറ്റൊരു ലോകമാണ്. എക്‌സ്‌ബോക്‌സ് 360, പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ മുതല്‍ സിനിമാ കേന്ദ്രങ്ങള്‍ വരെ ഇവിടെയുണ്ട്. റൂഫ് ടോപ്പിലെത്തിയാല്‍ ഒന്നാന്തരം നീന്തല്‍ക്കുളം. ഇനി ഒന്ന് കുളിച്ച്‌ ഉറങ്ങിപ്പോകണമെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. മനസ്സിനെ പിടിച്ചിരുത്തുന്ന പൂന്തോട്ടങ്ങള്‍ ഇതൊരു വിമാനത്തവളമേ അല്ലെന്ന പ്രതീതിയുണ്ടാക്കും. ഹോങ്കോങ് എയര്‍പ്പോര്‍ട്ടില്‍ കാത്തിരിക്കുന്നത് 4ഡി ഐമാക്‌സ് സിനിമാ കേന്ദ്രമാണ്. വിമാനം കാത്തിരിക്കുന്നതിന്റെ മുഷിപ്പില്ലാതെ സിനിമാലോകത്തേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യാനുഭവങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. കമ്ബ്യൂട്ടര്‍ നിയന്ത്രിതമായ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് മുതല്‍ വിവിധ കാഴ്ചകള്‍ ഇവിടെ കാത്തിരിക്കുന്നു. കുട്ടികള്‍ക്കും സമയം പോക്കാന്‍ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. കാടിനുള്ളിലെ വിമാനത്താവളമെന്നാണ് കോലാലംപുര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയപ്പെടുന്നത്. 86 ഇനത്തില്‍പ്പെട്ട മരക്കൂട്ടങ്ങള്‍ നിറഞ്ഞ കാടിന് നടവിലാണ് കോലാലംപുര്‍ വിമാനത്താവളം. പ്രകൃതിയുടെ സ്പര്‍ശമറിഞ്ഞ് യാത്രക്കാര്‍ വിശ്രമിക്കാവുന്ന സ്ഥലമാണിത്. 80 മുറികളുള്ള ഹോട്ടലും വിമാനത്താവളത്തിലുണ്ട്. 422 മുറികളുള്ള സമാ-സമാ ഹോട്ടല്‍ തൊട്ടരികിലും. ഗാംബ്ലിങ്ങിന്റെ കേന്ദ്രമാണ് ലാസ് വെഗസ്സ്. അവിടുത്തെ മക്കാരന്‍ വിമാനത്താവളവും മറ്റൊരു ചൂതാട്ട കേന്ദ്രമാണ്. 1234 ഗാംബ്ലിങ് മെഷീനുകളാണ് അവിടെ യാത്രക്കാരുടെ മുഷിപ്പ് അകറ്റാനായി കാത്തിരിക്കുന്നത്. ദുബായ് ലോകത്തിന്റെ വാണിജ്യകേന്ദ്രമാണെങ്കില്‍ വിമാനത്താവളവും അങ്ങനെതന്നെ. 58,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പാണ് ദുബായ് വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളത്തില്‍ സര്‍ഫ് ചെയ്ത് സമയംകളയാന്‍ ഉപാധികളേറെയുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവം വലിയ ബിയര്‍ ഗാര്‍ഡനും മ്യൂണിക്കിലുണ്ട്. കാഴ്ചയുടെ വസന്തത്തിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുന്ന വേറെയും വിമാനത്താവളങ്ങളുണ്ട്. ദോഹ. വാന്‍കുവര്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല: