2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

സമുദ്രത്തിനടിയിലും സ്ത്രീക്ക് രക്ഷയില്ല .......

 

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഈ ഭൂമിയില്‍ ഒരിടം പോലുമില്ലെന്ന് തെളിയിക്കുന്നതാണ് കാവ്യ രാമന്‍ ഇരുപത്തിമൂന്നുകാരിയുടെ അനുഭവങ്ങള്‍. ബംഗളുരുവിലെ ഐടി പ്രൊഫഷണലായ കാവ്യക്കു നേരെ കടന്നുകയറ്റത്തിന്റെ കൈകള്‍ നീണ്ടത് സമുദ്രനിരപ്പില്‍ നിന്നും 12 മീറ്റര്‍ താഴെ മുങ്ങല്‍ പരിശീലനം നടത്തുമ്പോഴാണ്. ഇക്കഴിഞ്ഞ ജനവരിയില്‍ ഉഡുപ്പിയിലെ ബൈണ്ടൂരിന് സമീപമുള്ള ഷിരൂര്‍ ബീച്ചില്‍ വച്ചാണ് സംഭവം. ധീരേന്ദ്ര റാവത്ത് എന്ന സ്‌കൂബാ ഡൈംവിങ്ങ് പരിശീലകനാണ് കാവ്യയെ ഡൈവിങ്ങിനിടെ ഉപദ്രവിച്ചത്. തന്റെ ദുരനുഭവത്തെ കുറിച്ച് കാവ്യ എഴുതിയ കുറിപ്പ് സ്ത്രീകള്‍ക്ക് നേരെ തുടരുന്ന അതിക്രമങ്ങളുടെ മറ്റൊരു ഉദാഹരണം മാത്രം.

എനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ഞാനീ വാക്കുകള്‍ ആദ്യമായി കേട്ടത്. 'കട്ടിലിന് അടിയിലേക്ക് നോക്കരുത്. ഒരു രാക്ഷസന്‍ അതിനടിയില്‍ ഇരിപ്പുണ്ട്.' അതിന് ശേഷം പലപ്പോഴും ഈ ചിന്തയില്‍ വിറകൊണ്ട് കട്ടിലിലേക്ക് ചാടിക്കയറി പുതപ്പുകൊണ്ട് ദേഹമാസകലം ചുററിവരിഞ്ഞാണ് ഞാന്‍ ഉറങ്ങാറുള്ളത്. സൂര്യരശ്മികള്‍ വിടരുന്നപ്രഭാതത്തില്‍ രാക്ഷസന്മാര്‍ അപ്രത്യക്ഷരാകുന്നതും സുരക്ഷിതവും സുന്ദരവുമായ ഒരു പുലരി വിടരുന്നതും കാത്ത് സൂര്യനുദിക്കുന്നത് വരെ ഞാന്‍ കിടന്നുറങ്ങും. വളര്‍ന്നതോടെ കട്ടിലിനടിയില്‍ രാക്ഷസന്മാര്‍ പതുങ്ങിയിരിപ്പുണ്ടാകുമെന്ന കുട്ടിക്കാലത്തെ ഭയം എന്നെ വിട്ടകന്നു. ആ രാക്ഷസന്മാര്‍ പോയെന്നും അവരൊരിക്കലും ഇനിയെന്റെ ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ട് തിരികെ വരില്ലെന്നും അതിലുപരി അത്തരം രാക്ഷസന്മാര്‍ ശരിക്കും കെട്ടുകഥകള്‍ മാത്രമാണെന്നും ഉള്ള അറിവില്‍ ഞാന്‍ കരുത്തയും ആത്മവിശ്വാസമുളളവളുമായാണ് വളര്‍ന്നത്.

ഇന്നെനിക്ക് 23 വയസ്സുണ്ട്. ആ രാക്ഷസന്മാര്‍ക്ക് നിലനില്‍പ്പുണ്ടെന്ന് ഞാനിന്നറിയുന്നു. അവര്‍ ശരിക്കുമുണ്ടെന്ന് മാത്രമല്ല എല്ലാ വഴികളിലും അവര്‍ പതുങ്ങിയിരിപ്പുമുണ്ട്. ഓരോ സെക്കന്റിലും അവര്‍ എന്നെപ്പോലുള്ള ലക്ഷോപലക്ഷം പെണ്‍കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും സുരക്ഷക്കും നേരെ ഭീഷണി ഉയര്‍ത്തുന്നു. ദുര്‍ബലമായ സാഹചര്യങ്ങള്‍ നോക്കി അവര്‍ ഞങ്ങളെ അകപ്പെടുത്തുന്നു. നിസ്സഹായ സാഹചര്യങ്ങള്‍ നോക്കി അവര്‍ ഞങ്ങളെ ചൂഷണം ചെയ്യുന്നു. ചിലപ്പോള്‍ അവര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഒരു യാത്രക്കാരന്റെ വേഷത്തിലായിരിക്കും മറ്റു ചിലപ്പോള്‍ എന്റെ സ്‌കൂബാ ഡൈവിംഗ് ഇന്‍സ്ട്രക്ടറുടെ വേഷത്തിലായിരിക്കും. അവര്‍ക്ക് പല വേഷങ്ങളും രൂപങ്ങളുമാണ്.

അത്തരത്തിലൊരു രാക്ഷസനെ കുറിച്ചാണ് ഞാനിനി പറയുന്നത്. ഡ്രീംസ് ഡൈവിംഗ് ഓര്‍ഗനൈസേഷനിലെ സ്‌കൂബാ ഡൈവിംഗ് ഇന്‍സ്ട്രക്ടറാണ് എന്റെ പേഴ്‌സണല്‍ ഇന്‍സ്ട്രക്ടറായിരുന്ന ഈ രാക്ഷസന്‍.

തീരത്തേക്ക് അരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകുന്ന ദൂരത്തിലായിരുന്നു ഞങ്ങളുടെ ബോട്ട് നിര്‍ത്തിയിട്ടിരുന്നത്. എന്റെ സുഹൃത്തുക്കള്‍ അവരുടെ ഇന്‍സ്ട്രക്ടര്‍മാരുടെ സഹായത്തോടെ ഡൈവിന് വേണ്ടി ബോട്ടില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. വെള്ളത്തിനടിയില്‍ വച്ച് ഇടക്കിടക്ക് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഓ.കെ സിഗ്നല്‍ കൊടുക്കാന്‍ ഡൈവിങ്ങിന് മുമ്പേ തന്നെ ഞങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു.

ഡൈവിനൊരുങ്ങിയ എന്റെ കൈപ്പടം കൂട്ടിപ്പിടിച്ച് എന്നെ ഞങ്ങളുടെ ബോട്ടിനരികില്‍ നിന്നും ദൂരേക്ക് ആ രാക്ഷസന്‍ നയിച്ചു. ആദ്യമായി ഡൈവിനിറങ്ങുന്ന ആവേശത്തിലായിരുന്നതിനാല്‍ എന്നെ സമീപിച്ചുകൊണ്ടിരിക്കുന്ന അപകടത്തെ കുറിച്ച് ആദ്യകുറച്ചു നിമിഷങ്ങളില്‍ ഞാന്‍ ബോധവതിയായിരുന്നില്ല.

ഞങ്ങള്‍ ജലത്തിനടിയിലേക്ക് പതുക്കെ പതുക്കെ നീങ്ങിത്തുടങ്ങി. അവസാനം കടലിന്റെ അടിത്തട്ടിലേക്ക് എത്തിച്ചേര്‍ന്നു. എന്റെ ബ്രീത്തിംഗ് എക്യുപ്‌മെന്റിന്റെ നിയന്ത്രണവും എന്റെ ഓക്‌സിജന്‍ ടാങ്കും ഇന്‍സ്ട്രക്ടറുടെ കൈകളിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പവിഴപ്പുറ്റുകളേയും മീന്‍കൂട്ടങ്ങളേയും അറബിക്കടലിന്റെ ഏറ്റവും താഴെയുളള ഫ്ലൂറസെന്റ്് നിറത്തിലുള്ള സസ്യജാലങ്ങളേയും നീന്തി മറികടന്നപ്പോള്‍ അയാളുടെ കൈകള്‍ ആ ഉപകരണങ്ങളിലായിരുന്നില്ല.

ആദ്യം ഒരു കൈ, പിന്നീട് അടുത്തത്, അവസാനം രണ്ടുകൈകളും. ഞാന്‍ ഞെട്ടിവിറച്ചു. ഞാന്‍ അയാളുടെ കൈകള്‍ എന്റെ ശരീരത്തില്‍ നിന്നും മാറ്റാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അയാളുടെ കൈകള്‍ ശരീരത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ എന്റെ ഞെട്ടല്‍ ഭയമായി മാറി. ഞാന്‍ വിഷമത്തോടെ അയാളെ നോക്കി, പക്ഷേ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അയാള്‍ എന്റെ തൊട്ടുപിറകിലായി വന്നു. അയാളുടെ ഇരുകൈകളും മെല്ലെ എന്റെ ശരീരത്തില്‍ ഇഴഞ്ഞുനീങ്ങി. ആകെ അമ്പരന്ന ഞാന്‍ എന്തുചെയ്യാനാകുമെന്ന് വേഗത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. ഒപ്പം അയാളുടെ പിടിവിടുവിക്കാന്‍ ഉള്ള വ്യര്‍ത്ഥ ശ്രമവും.

അയാളുടെ കൈകള്‍ എന്നെ ശക്തമായി ചുറ്റി വരിഞ്ഞിരുന്നു. ഞാന്‍ ഓകെ യാണോ എന്ന് ആംഗ്യത്തിലൂടെ അയാള്‍ ചോദിച്ചു. ഞാന്‍ ഓകെ എന്ന് ആംഗ്യം കാണിച്ചു. കടലില്‍ നിന്നും 12 അടി താഴെ നിന്നുകൊണ്ട് എന്റെ ബ്രീത്തിംഗ് എക്യുപ്‌മെന്റുകളുടെ നിയന്ത്രണം അയാളുടെ കൈകളിലായിരിക്കുമ്പോള്‍ ഞാന്‍ മറ്റെന്തു ചെയ്യാന്‍.

കടല്‍ പതിവില്ലാത്തവിധം ശാന്തമായിരുന്നു. പക്ഷേ എന്റെ തലക്കുള്ളില്‍ കൊടുങ്കാറ്റ് വീശുകയായിരുന്നു. അതിനിടക്കാണ് ഉപകരണങ്ങള്‍ നേരെയാക്കുന്നതിന് വേണ്ടി അയാള്‍ എന്റെ ശരീരത്തില്‍ നിന്നും ഒരു കൈയെടുത്ത് മാറ്റിയത്. ആ നിമിഷം ഇനി അയാള്‍ വീണ്ടും എന്നെ സ്പര്‍ശിക്കാതിരിക്കാന്‍ എന്റെ ഒരു കൈകൊണ്ട ഞാന്‍ ശ്രമിച്ചു. പക്ഷേ അയാളുടെ നീരാളിക്കൈകള്‍ വീണ്ടും എന്നെ ശക്തമായി ചുറ്റിവരിഞ്ഞു.

ഭയംകൊണ്ട് എന്റെ ശരീരം മരവിച്ചുപോയി. ഉറക്കെ അലറിക്കരയാനും ഒച്ചയിടാനും ഞാന്‍ ആഗ്രഹിച്ചു. എന്നെ അയാളുടെ കൈകള്‍ക്കിടയില്‍ നിന്നും മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. എനിക്ക് നിലവിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്കാകെ ചെയ്യാനാകുമായിരുന്നത് ഓകെയാണെന്നുള്ള ആംഗ്യം മാത്രവും. എത്രയും വേഗം ബോട്ടില്‍ തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ സുഹൃത്തുക്കളോടൊപ്പം സുരക്ഷിതയാകാന്‍ കൊതിച്ചു. എന്റെ നിശബ്ദതയേയും നിസ്സാഹയാവസ്ഥയേയും അടുത്ത നാല്‍പത് മിനിട്ടുകള്‍ കൂടി അയാള്‍ മുതലെടുത്തു. അയാളുടെ കൈകള്‍ എന്റെ ശരീരത്തില്‍ അങ്ങോളമിങ്ങോളം പാഞ്ഞു. എന്നെ അയാള്‍ക്കരികിലേക്ക് അടുപ്പിച്ച് നിര്‍ത്തി. ആ കൈകള്‍ എന്നെ കളങ്കപ്പെടുത്തി. അപ്പോഴെല്ലാം എനിക്കാകെ ചെയ്യാനാകുമായിരുന്നത് ഓകെ എന്ന ആംഗ്യം മാത്രമായിരുന്നു.

ഒടുവില്‍ ആ പേടിസ്വപ്‌നത്തിന് ഒരു അവസാനമായി. ഞങ്ങള്‍ ജലനിരപ്പിലെത്തി. ഞാന്‍ വിഭ്രാന്തിയോടെ ചുറ്റും നോക്കി. അങ്ങകലെ ഞങ്ങളുടെ ബോട്ടിനെ ഞാന്‍ കണ്ടു. അയാളുടെ കൈകള്‍ വിടുവിച്ച് ഞാന്‍ ബോട്ടിന് നേരെ നീന്തിയടുത്തു. അയാളും സംശയമൊന്നും കൂടാതെ എന്നോടൊപ്പം നീന്തി. 'മാഡം നിങ്ങളെന്താണ് ഇത്രസമയം എടുത്തത്. മറ്റുള്ളവരുടേത് 20-25 മിനിട്ടിനുള്ളില്‍ അവസാനിച്ചല്ലോ.' എന്ന ചോദ്യവുമായാണ് ബോട്ടിലുണ്ടായിരുന്ന മറ്റൊരു ഇന്‍സ്ട്രക്ടര്‍ എന്നെ വരവേറ്റത്. അതോടെ എന്റെ മുഖം കല്ലുപോലെയായി. ഭയവും വേദനയും ദേഷ്യമായി മാറി. പക്ഷേ അതിലെല്ലാമുപരി ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചിന്തയാണ് എന്നില്‍ നിറഞ്ഞത്. അയാളെ വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.

ബോട്ടിലെത്തിയതോടെ എന്റെ തലക്കുളളില്‍ ആഞ്ഞുവീശിയിരുന്ന കൊടുങ്കാറ്റ് അല്പമൊന്നടങ്ങി. എന്റെ കൂട്ടുകാരുടെ ചിരിക്കുന്ന മുഖം ഞാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നുവെന്ന് എന്നെ ഓര്‍മ്മിപ്പിച്ചു. വെള്ളത്തിനടില്‍ വച്ചുണ്ടായ അനുഭവത്തിന്റെ ഭീതിയില്‍ നിന്നും മുക്തയാന്‍ കൊതിച്ച് കത്തിജ്വലിക്കുന്ന സൂര്യനു കീഴെ ബോട്ടില്‍ ഞാനിരുന്നു. അപ്പോഴാണ് ആരെങ്കിലും ഫസ്റ്റ് എയ്ഡ് ബോക്‌സുകൊണ്ടു വരൂ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ബോട്ടുകാരന്‍ എന്റെ അടുത്തേക്ക് ഓടിയെത്തിയത്. എന്റെ ഇടത് കൈയും കാലും മുറിഞ്ഞിരുന്നു. കുറേക്കാലത്തിന് ശേഷമാണ് ഞാന്‍ ഇത്രയും രക്തം കാണുന്നത് തന്നെ.

ഞങ്ങള്‍ കരയിലേക്ക് യാത്ര തിരിച്ചു. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ഉടന്‍ എല്ലാ ഡൈവിങ്ങ് ഇന്‍സ്ട്രക്ടര്‍മാരേയും വിളിച്ചുകൂട്ടി. ആ രാക്ഷസനും എന്റെ കൂട്ടുകാരും അതുകേട്ട് ഞാനെന്തോ പ്രധാനപ്പെട്ട കാര്യം അറിയിക്കുന്നതിന് വേണ്ടിയാണ് എല്ലാവരേയും വിളിച്ചുകൂട്ടുന്നത് എന്ന് പറയുന്നുണ്ടായിരുന്നു. ഓരോ ഇന്‍സ്ട്രക്ടര്‍മാരോടും അവരുടെ ട്രെയിനികളെ ജലത്തിനടിയല്‍ എത്തരത്തില്‍ പിടിച്ചുകൊണ്ടാണ് പഠിപ്പിക്കുന്നത് എന്ന് വിശദീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ട്രെയിനികളുടെ ഓക്‌സിജന്‍ ടാങ്കുകള്‍ പിടിച്ചും കൈകളില്‍ പിടിച്ചുമാണ് അവര്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതെന്ന് അവരില്‍ ഓരോരുത്തരും വിശദീകരിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ട്രെയിനികളുടെ കൈകളോ കാലുകളോ പിടിക്കേണ്ടി വരുന്നതായും അവര്‍ വ്യക്തമാക്കി. ഇതേ കാര്യം ഞാന്‍ എന്റെ സുഹൃത്തുക്കളോടും ചോദിച്ച് മനസ്സിലാക്കി. കൈകളില്‍ പിടിക്കുകയല്ലാതെ മറ്റൊരു ശാരീരിക സ്പര്‍ശനവും ഉണ്ടായിട്ടില്ലെന്ന് അവരും എന്നോട് പറഞ്ഞു. അവര്‍ക്കാര്‍ക്കും എനിക്കുണ്ടായപോലുളള അനുഭവമുണ്ടായിരുന്നില്ല.

അവരെയെല്ലാം സാക്ഷിയാക്കി ഞാന്‍ എന്റെ ഇന്‍സ്ട്രക്ടര്‍ക്കു നേരെ തിരിഞ്ഞു. എന്നോട് അത്തരത്തില്‍ പെരുമാറിയതെന്തിനാണെന്ന് എല്ലാവരുടേയും മുമ്പില്‍ വച്ച് ഞാനയാളോട് ചോദിച്ചു. എന്നെ തെറ്റായ രീതിയില്‍ തൊട്ടതും മറ്റുള്ളവരേക്കാള്‍ അകലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയതും എന്തിനാണെന്നും അയാളോട് ചോദിച്ചു. ഉപകരണങ്ങള്‍ അയഞ്ഞുപോയതുകൊണ്ട് അബദ്ധത്തില്‍ പറ്റിതാണെന്നും ക്ഷമിക്കണമെന്നും അയാള്‍ വിക്കി വിക്കി പറഞ്ഞു. അതുകേട്ടതോടെ എന്റെ സുഹൃത്തുക്കള്‍ എല്ലാവരും അയാള്‍ക്കു നേരെ തിരിഞ്ഞു. അയാളെ ചോദ്യം ചെയ്യാനും ചീത്തവിളിക്കാനും തുടങ്ങി. ഞാന്‍ അയാളോട് സംഭവിച്ചത് അബദ്ധമല്ലെന്നും കരുതിക്കൂട്ടി ചെയ്തതാണെന്നും സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. യാതൊരു കുറ്റബോധവുമില്ലാതെ അയാള്‍ അത് അംഗീകരിച്ചു.

അതെ ഇവിടെ രാക്ഷസന്മാരുണ്ട്. ഒപ്പം മാലാഖമാരും. ആ മാലാഖമാരാണ് നിങ്ങള്‍ക്ക് ശക്തി പകരുന്നത്. എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിക്കുന്നത്. അവരാണ് ഓരോ ചുവടിലും പിന്തുണയുമായി നിങ്ങള്‍ക്കൊപ്പമുള്ളത്. കൂട്ടുകാരും രക്ഷിതാക്കളും ബന്ധുക്കളുമാണ് എന്റെ മാലാഖമാര്‍. എനിക്ക് സ്വാന്തനമേകുന്ന പതുപതുത്ത തലയിണകളും എന്നോടൊപ്പം ഉറച്ച് നില്‍ക്കുന്ന തൂണുകളുമാണവര്‍. കണ്ണിമചിമ്മാതെ ഒരോ ദിനരാത്രവും എന്നെ ഉപദ്രവിച്ച രാക്ഷസന് ശിക്ഷ ലഭ്യമാക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാവ്യ തന്റെ കുറിപ്പ് തുടരുന്നു.

അയാള്‍ക്കെതിരെ ഐപിസി1860 സെക്ഷന്‍ 354 പ്രകാരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കാവ്യ കോടതിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ക്കെതിരെ ഇതിന് മുമ്പും ഇത്തരമൊരുകേസ് കഴിഞ്ഞ ഒന്നരമാസത്തിന് മുമ്പ് ഉണ്ടായിട്ടുള്ള വിവരം അറിയുന്നത്. സ്‌കൂബാ ഡൈവിംഗിനിടെ റാവത്ത് സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ്. കഴിഞ്ഞ നവംബറിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അന്ന സംഭവം പോലീസില്‍ അറിയിച്ചെങ്കിലും ഭാവിയെക്കരുതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തയ്യാറായില്ല. ഡിസംബറിലായിരുന്നു രണ്ടാമത്തെ സംഭവം. അന്ന് റാവത്തിന്റെ കൈകളില്‍ അകപ്പെട്ടത് ഒരു പഞ്ചാബി ഡോക്ടറായിരുന്നു. മിണ്ടാതിരിക്കാന്‍ ഒരുക്കമല്ലാതിരുന്ന യുവതി ഇയാള്‍ക്കെതിരെ അന്ന് ബൈണ്ടൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് റാവത്തിനെ അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി. ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടിട്ടും വീണ്ടും അയാള്‍ തെറ്റു തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുങ്ങല്‍ പരിശീലന അംഗത്വ സംഘടനയായ PADI യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലകനായ ഇയാള്‍ മറ്റൊരു പേരില്‍ ഡ്രീംസ് ഡൈവിംഗ് ഓര്‍ഗനൈസേഷനില്‍ ഇപ്പോഴും പരിശീലനം തുടരുന്നതായാണ് വിവരം. അത് തടയുന്നതിന് വേണ്ടി ഇയാളെക്കുറിച്ച് PADI യിലും കാവ്യ പരാതി നല്‍കിയിട്ടുണ്ട്.

ജലത്തിനിടിയില്‍ മിണ്ടാന്‍ പോലും സാധിക്കാത്ത അവസരം മുതലെടുത്ത് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന ഈ രാക്ഷസന് ഉചിതമായ ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാവ്യയും വീട്ടുകാരും.

അഭിപ്രായങ്ങളൊന്നുമില്ല: