2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഒമാനില്‍ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി


ഒമാനില്‍ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

 Image result for oman
ഒമാനില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയും ശിക്ഷയും ഒഴിവാക്കി രാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് നിലവിലുള്ള പൊതുമാപ്പാണ് ദീര്‍ഘിപ്പിച്ചത്. ഒമാനില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ ആനുകൂല്യം ഒക്ടോബര്‍ അവസാനം വരെ അനധികൃത താമസക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കും. മേയ് മൂന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് വ്യാഴാഴ്ച അവസാനിക്കിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി മാന്‍പവര്‍ മന്ത്രാലയത്തിന്‍റെ തീരുമാനം വന്നത്. രാജ്യത്തെ അരലക്ഷത്തോളം അനധികൃത താമസക്കാര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ 14000ല്‍ അധികം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 7382 അനധികൃത താമസക്കാര്‍ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. 6872ല്‍ അധികം പേര്‍ പൊതുമാപ്പ് ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുകയും നടപടിക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കുകയും ചെയ്തു. വ്യാഴാഴ്ച പൊതുമാപ്പ് അവസാനിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളിലും ലേബറിലും എമിഗ്രേഷനിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അവസാന നിമിഷം പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് നിരവധി പേരാണ് രംഗത്തത്തെിയത്. അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാര്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അധികൃതരുടെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശികളും ഇന്ത്യക്കാരും പാകിസ്ഥാനികളും ആഫ്രിക്കക്കാരും അടക്കം അര ലക്ഷത്തിലധികം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: