2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ഷാര്‍ജ സ്മാര്‍ട്ടാകുന്നു; വീടുകളിലും കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ വരുന്നു

 Image result for sharja
വൈദ്യുതി ജല ഉപയോഗത്തില്‍ ലോക രാജ്യങ്ങള്‍ക്ക് ഉത്തമ മാതൃക ആകാന്‍ ഒരുങ്ങുകയാണ് ഷാര്‍ജ. ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗത്തില്‍ ഗണ്യമായ മാറ്റം വരുത്തുകയാണ് ഷാര്‍ജ വാട്ടര്‍ ആന്റ് ഇലക്‌ട്രസിറ്റി വിഭാഗം. പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കുമെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു. വെള്ളവും ഊര്‍ജവും പാഴാകുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തി അത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുവാനുള്ള മാര്‍ഗ നിര്‍ദേശം വീടുകളെയും വിദ്യാലയങ്ങളെയും സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്താനാണ് വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായാണ് എമിറേറ്റില്‍ പുതിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ദിവസവും മീറ്ററില്‍ രേഖപ്പെടുത്തുന്ന ഇന്‍ഡക്‌സിന്റെ സഹായത്താല്‍ പാഴാകുന്ന വെള്ളത്തിന്റെയും,വൈദ്യുതിയുടെയും,ഗ്യാസിന്റെയും തോത് അറിയാന്‍ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ എമിറേറ്റിലെ ചില ഭാഗങ്ങളില്‍ വകുപ്പ് മീറ്റര്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം മേഖലകളിലുള്ള വൈദ്യുതി, ജല ഉപയോഗത്തില്‍ ഗണ്യമായ മാറ്റം പ്രകടമായതിനെ തുടര്‍ന്നാണ് മീറ്റര്‍ എല്ലാ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ ഉപകരണം സൗജന്യമായി സ്ഥാപിക്കുമെന്നും പദ്ധതിയുമായി മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പള്ളികളില്‍ സ്ഥാപിക്കുന്ന അത്യാധുനിക സംവിധാനത്തിലുള്ള മീറ്റര്‍ കെട്ടിടത്തിലെ ജല-വൈദ്യുതി ഉപയോഗം നിയന്ത്രിക്കും. നമസ്‌കാര സമയത്തിനു ശേഷം അധിക സ്ഥലങ്ങളിലെ വിളക്കുകളുടെയും ശീതീകരണ സംവിധാനത്തിന്റെയും പ്രവര്‍ത്തനം മീറ്റര്‍ നിയന്ത്രിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: