2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

യുഎഇയില്‍ ഇന്ധനവിലനിയന്ത്രണം നീക്കി


യുഎഇയില്‍ ഇന്ധനവിലനിയന്ത്രണം നീക്കി...

 Image result for uae petrol pump
യുഎഇയില്‍ ഇന്ധന വില നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് പുതുക്കി നിശ്ചയിച്ച വിലനിലവാരം ഇന്നലെ അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. പെട്രോളിന് ലിറ്ററിന് 42 മുതല്‍ 46 ഫില്‍സ് വരെ വര്‍ധിച്ചപ്പോള്‍ ഡീസലിന് 30 മുതല്‍ 85 ഫില്‍സ് വരെ കുറഞ്ഞു. യുഎഇയില്‍ ഇന്നലെ വരെ ലിറ്ററിന് 1 ദിര്‍ഹം 72 ഫില്‍സ് നല്‍കിയ സ്‌പെഷ്യല്‍ പെട്രോളിന് ഇന്നലെ അര്‍ധരാത്രിയോടെ 2 ദിര്‍ഹം 14 ഫില്‍സ് ഈടാക്കിത്തുടങ്ങി. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.25 ദിര്‍ഹവും ഇ.പ്ലസ് ഗ്രേഡിന് 2.07 ദിര്‍ഹവുമാണ് പുതിയ വില. വിലനിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് വിലനിര്‍ണയ സമിതി പുതുക്കിനിശ്ചയിച്ച പെട്രോളിന്റെ വിലനിലവാരത്തില്‍ 23 മുതല്‍ 28.6 ശതമാനം വരെയാണ് വര്‍ധനയുണ്ടായത്. ഇതോടെ ഡീസലിന്റെ വില രാജ്യവ്യാപകമായി 2.05 ദിര്‍ഹമായി ഏകീകരിക്കുകയും ചെയ്തു. ആഗസ്ത് 31 വരെ ഇതേവിലനിലവാരമായിരിക്കും രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. എല്ലാ മാസവും 28ന് ആഗോളവിലനിലവാരമനുസരിച്ചായിരിക്കും പുതിയ നിരക്ക് നിശ്ചയിക്കുക. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത് മുന്‍കൂട്ടി കണ്ട് രാജ്യത്തെ എല്ലാ പമ്ബുകളിലും വന്‍ തിരക്കായിരുന്നു ഇന്നലെ വൈകുന്നേരങ്ങളിലും രാത്രിയിലും കണ്ടത്. ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ വ്യത്യസ്ത സിലിണ്ടര്‍ കാറുകളില്‍ 18 ദിര്‍ഹം മുതല്‍ 35 ദിര്‍ഹം വരെ ശരാശരി വര്‍ധിച്ചിട്ടുണ്ട്. അതേസമയം വിലകുറയുന്ന ഡീസലടിക്കാന്‍ രാത്രി 12 മണിയാവാന്‍ വാഹനയുടമകള്‍ കാത്തുനില്‍ക്കുകയും ചെയ്തു. ഊര്‍ജ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മതാര്‍ അല്‍ ന്യാദിയുടെ അധ്യക്ഷതയിലുള്ള ഇന്ധനവില നിര്‍ണയ സമിതിയാണ് പുതുക്കിയ വില നിശ്ചയിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: