2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ആകാശവാണിയുടെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെക്കാം ബീഗം റാബിയയെ....

 
കോഴിക്കോട് ആകാശവാണിയുടെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെക്കാം ബീഗം റാബിയയെ. റാബിയ താണ്ടിയത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത, അറിയാത്ത ചരിത്രമാണ്. അവര്‍ക്കൊപ്പം അന്നുണ്ടായിരുന്നവരാരും ഇന്ന് ജോലിക്കില്ല

1958-ല്‍ കോഴിക്കോട്ടെയും ഇന്ത്യയിലെതന്നെയും മികച്ച ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി കോഴിക്കോട്ട് ഒരു ഗംഭീര കലാപരിപാടി നടന്നു. അന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' കെ.ടി. മുഹമ്മദ് നാടകമായി അവതരിപ്പിച്ചു. അതില്‍ കുഞ്ഞിപ്പാത്തുമ്മയായി വേദിയില്‍ നിറഞ്ഞത് 'രമണി'യെന്ന ഒരു സുന്ദരി. തകര്‍ത്തഭിനയിച്ച ആ മധുരപ്പതിനേഴുകാരിയെ കാണാന്‍ ഗ്രീന്‍ റൂമില്‍ മലയാള സിനിമയിലെ രണ്ട് പ്രമുഖരെത്തി, രാമു കാര്യാട്ടും സത്യനും.

ആ കലാകാരിയെ മനസ്സറിഞ്ഞ് അഭിനന്ദിച്ചതോടൊപ്പം അവരൊരു കാര്യവും ചോദിച്ചു, ചെമ്മീന്‍ സിനിമയിലേക്ക് ഒരു നായികയെ തേടുന്നുണ്ട്, ഞങ്ങളുടെ കറുത്തമ്മയായിക്കൂടെയെന്ന്. ''എന്നെക്കൊണ്ടതൊന്നും പറ്റൂല്ല. നാടകോം സിനിയുമൊന്നും നമുക്ക് ചേര്‍ന്ന പണിയല്ല. തൊട്ടഭിനിക്കാനും പറ്റില്ല. പിന്നെ കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പും. അതാ ബീഗം റാബിയ എന്ന എന്റെ പേരിനുപകരം രമണിയെന്ന പേരില്‍ അഭിനയിക്കുന്നത്''കലയോടുള്ള ഇഷ്ടം മനസ്സില്‍വെച്ചുകൊണ്ട് പഠാന്‍ മുസ്‌ലിം കുടുംബത്തില്‍പ്പിറന്ന ആ പെണ്‍കുട്ടി മറുപടി പറഞ്ഞു.

ആ കുട്ടി ഒരു നാടകത്തില്‍ക്കൂടി ഭാഗമായി അഭിനയം നിര്‍ത്തി. പിന്നീട് തന്റെ മധുരതരമായ ശബ്ദത്തില്‍ പാടി. ഇപ്പോഴും ആ പാട്ട് തുടരുന്നു. 77ാം വയസ്സിലും ആകാശവാണി കോഴിക്കോട് നിലയത്തില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുകയാണ് ബീഗം റാബിയ.
''റേഡിയോ പോലും അപൂര്‍വമായിരുന്ന കാലം. അന്നാണ് കോഴിക്കോട്ട് ആകാശവാണി തുടങ്ങിയത്. എനിക്കന്ന് 12 വയസേയുള്ളൂ. തുടക്കത്തില്‍ ബാലലോകത്തില്‍ ഞാന്‍ പാട്ടുപാടി. പിന്നെ അതുതന്നെയായി എന്റെ ജീവിതം. ദാ ഇന്നിപ്പോ നാടകത്തിന് ശബ്ദം നല്‍കീട്ട് വന്നതേയുള്ളൂ'' കണ്ണൂര്‍ റോഡില്‍ കെ.ടി.സിക്ക് സമീപമുള്ള വീട്ടിലിരുന്ന് ബീഗം റാബിയ പറയുമ്പോള്‍ 65 വര്‍ഷം ആകാശവാണിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ തിളക്കമുണ്ട് മുഖത്ത്.

കോഴിക്കോട് ആകാശവാണിയുടെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെക്കാം ബീഗം റാബിയയെ. റാബിയ താണ്ടിയത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത, അറിയാത്ത ചരിത്രമാണ്. അവര്‍ക്കൊപ്പം അന്നുണ്ടായിരുന്നവരാരും ഇന്ന് ജോലിക്കില്ല. 17ാം വയസ്സില്‍ പി.വി. കൃഷ്ണമൂര്‍ത്തി അസി. സ്റ്റേഷന്‍ ഡയറക്ടറായിരുന്നപ്പോള്‍ ബീഗം റാബിയയുടെ കഴിവ് മനസ്സിലാക്കി സ്റ്റാഫ് ആയി നിയമനംനല്‍കി. ''അന്ന് അദ്ദേഹം പറഞ്ഞത് നിങ്ങള്‍ കേരളത്തിലെ ലതാ മങ്കേഷ്‌കര്‍ ആവുമെന്നാണ്. ലതാജി ആയില്ലെങ്കിലും ഇപ്പോഴും പാടാന്‍ കഴിയുന്നുണ്ടല്ലോ''അഭിമാനത്തോടെ ബീഗം റാബിയ പറഞ്ഞു.

ബാലലോകം, നാടന്‍പാട്ടുകള്‍ അങ്ങനെയുള്ള പരിപാടികളില്‍ റാബിയയുടെ മധുരശബ്ദം നിറഞ്ഞു. പാട്ടുപഠിച്ചിട്ടില്ലെങ്കിലും നന്നായി പാടി. ആകാശവാണിയില്‍ സ്ഥിരം ജോലി ആയപ്പോള്‍ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് ഷേക്ക് മുഹമ്മദ് നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനാല്‍ ബീഗം റാബിയയെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പ് കൂടിയപ്പോള്‍ ആകാശവാണിയിലെ ജോലി നിര്‍ത്തി. പിന്നെയാണ് നാടകത്തില്‍ അഭിനയിച്ചത്. അന്നുള്ള ആരും ഇന്ന് ആകാശവാണിയിലില്ല.

''കെ.ടി. മുഹമ്മദാണ് നാടകം ചെയ്യാന്‍ വിളിച്ചത്. സംഗീത നാടക അക്കാദമിയുടെ നാടകമായിരുന്നു അത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അഭിനയിച്ചു. കെ.പി. ഉമ്മറായിരുന്നു നായകന്‍. നിലമ്പൂര്‍ ആയിഷ, ശാന്താദേവി, ബാലന്‍ കെ. നായര്‍ അങ്ങനെ ഒത്തിരിപ്പേരുണ്ടായിരുന്നു. അന്നാണ് സത്യനും രാമു കാര്യാട്ടും സിനിമേലഭിനയിക്കാന്‍ വിളിച്ചത്. പിന്നീട് ബാബുരാജ് സിനിമയില്‍ പാടാനും വിളിച്ചു. പക്ഷേ, അന്നൊന്നും സിനിമയില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. എന്തൊക്കെ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും'' പഴയകാലം ഓര്‍ത്തെടുത്തു അവര്‍.

പിന്നീട് ആകാശവാണിയില്‍ സ്ഥിരം ജോലിചെയ്തില്ല. എന്നാല്‍ ഇപ്പോഴും ഭക്തിഗാനങ്ങളും നാടകത്തില്‍ ശബ്ദം നല്‍കിയും സജീവമാണ്. എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ വിളിക്കും. ഹുസൈന്‍ കാരാടിന്റെ 'അമ്മ കാത്തിരിക്കുന്നു' നാടകത്തിനാണ് ശബ്ദം നല്‍കുന്നത്. കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരം ഇവരെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം മറ്റ് അവാര്‍ഡുകളും. തപാല്‍ വകുപ്പിലെ മൈ സ്റ്റാമ്പ് പദ്ധതിപ്രകാരം കോഴിക്കോട്ടെ പോസ്റ്റ് ഓഫീസ് അധികൃതര്‍ ബീഗം റാബിയയുടെ സ്റ്റാമ്പും തയ്യാറാക്കി.

ലതാ മങ്കേഷ്‌കറുടെ പാട്ടാണ് റാബിയക്ക് ഏറെയിഷ്ടം. ''പാട്ടില്ലാണ്ട് ഞാനില്ല. എന്നും ഇങ്ങനെ പാടിക്കൊണ്ടേയിരിക്കണം. റേഡിയോ കേട്ട് കിടക്കുമ്പോള്‍ ഒരു പ്രത്യേക സുഖാ''മുറിയിലെ റേഡിയോയോട് ഒരു പ്രത്യേക വാത്സല്യമുണ്ട് ഈ ഉമ്മയ്ക്ക്. പറഞ്ഞു തീരും മുമ്പേ ബീഗം റാബിയ പാടിത്തുടങ്ങി, 'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്....'


അഭിപ്രായങ്ങളൊന്നുമില്ല: