2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

നിങ്ങളാരെന്ന് ഇനി എഫ്ബി സുഹൃത്തുക്കള്‍ പറയും..


നിങ്ങളാരെന്ന് ഇനി എഫ്ബി സുഹൃത്തുക്കള്‍ പറയും...

 Image result for facebook tag
പ്രമുഖ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ്‌ ഇന്‍-ന്‍റെ ചുവടുപറ്റി ' പ്രൊഫൈല്‍ ടാഗ്' എന്ന പുതിയ സൗകര്യം ഉള്‍പെടുത്താന്‍ തയ്യാറെടുക്കുകയാണ് ഫെയ്സ്ബുക്ക്‌. നിങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ക്ക് പുറമേ പ്രത്യേക ടാഗുകളിലുടെ നിങ്ങളെ നിര്‍വചിക്കുന്ന ടാഗുകള്‍ സ്വന്തമായോ സുഹൃത്തുക്കൾക്കോ ചേര്‍ക്കാന്‍ അവസരമേകുന്ന രീതിയിലാണ്‌ പുതിയ സംവിധാനം തയ്യാറാകുന്നത്‌.
സുഹൃത്തുക്കള്‍ നിങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടാഗുകള്‍ നിങ്ങള്‍ അനുവദിക്കുന്ന പക്ഷം മാത്രമേ പ്രൊഫൈലില്‍ ചേര്‍ക്കപ്പെടുകയുള്ളൂ .ബഹുമുഖ പ്രതിഭകളെ ശരിയായി വിശേഷിപ്പിക്കാന്‍ ഈ സേവനം ഉപകാരപ്രദമാകും. നോവലിസ്റ്റായ ഒരു വ്യക്തി നല്ല ഒരു ഡാന്‍സറോ പാട്ടുകാരനോ കൂടി ആണെങ്കില്‍ ഈ വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണ ഇദ്ദേഹത്തിന്റെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ഇയാളെ പറ്റി അടുത്തറിയാത്ത ഫെയ്സ്ബുക്കിലെ മറ്റ് സുഹൃത്തുക്കള്‍ക്കും നൽകാന്‍ ഇത്തരം പ്രൊഫൈല്‍ ടാഗുകള്‍ സഹായകമാകും. ഫെയ്സ്ബുക്കിലെ ഓരോ വ്യക്തികളേയും കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുക എന്നതാണ് ലിങ്ക്ഡ്‌ ഇന്‍-ന്‍റെ സേവനം അനുകരിച്ചുള്ള ഈ ശ്രമത്തിലൂടെ ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നത് .
ഈ സൗകര്യം നിലവില്‍ വന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ കഴിവുകള്‍, പ്രത്യേകതകള്‍, താൽപര്യങ്ങള്‍ എന്നിവ പ്രകടമാക്കുന്ന രീതിയില്‍ ‌സ്വയം നല്‍കുന്ന ടാഗുകള്‍, സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ചാര്‍ത്തിത്തരുന്ന വിശേഷണ ടാഗുകള്‍ എന്നിവ പ്രൊഫൈലിന്‍റെ ഭാഗമായി സ്ഥിരമായി ഉള്‍പെടുത്താന്‍ സാധിക്കും. ന്യുസിലന്‍ഡില്‍ ഫെയ്സ്ബുക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയ ഈ സേവനം മറ്റ് രാജ്യങ്ങളില്‍ എപ്പോള്‍ ലഭിച്ചുതുടങ്ങും എന്നതിനെ കുറിച്ച് ഇതുവരെയും യാതൊരു വിവരവും ഫെയ്സ്ബുക്ക് നൽകിയിട്ടില്ല .
 ഏതായാലും ഓരോ വ്യക്തിയേയും കൂടുതല്‍ അടുത്തറിയാന്‍ ഇടനല്‍കുന്ന സേവനം വളരെ വേഗം ജനകീയമാകുമെന്നത് ഉറപ്പാണ്. അതോടൊപ്പം നമ്മുടെയോ സുഹൃത്തുക്കളുടെയോ ഫെയ്സ്ബുക്ക്‌ പ്രൊഫൈലില്‍ നല്‍കാവുന്ന മികച്ച ടാഗുകളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കാനുള്ള സമയമാണ് ഈ സേവനം വൈകിപ്പിക്കുന്നതിലൂടെ ഫെയ്സ്ബുക്ക് നൽകുന്നതെന്നു കരുതി ഈ മികച്ച അപ്പ്ഡേറ്റിനായി കാത്തിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: