2015 മാർച്ച് 4, ബുധനാഴ്‌ച

കരാര്‍ പുതുക്കുന്നു; ആക്കുളത്തെ ടോള്‍ കൊള്ള തുടരും

Image result for akkulam
തിരുവനന്തപുരം: കഴക്കൂട്ടംകോവളം ബൈപ്പാസില്‍ ആക്കുളത്തെ ടോള്‍ കൊള്ള തുടരും. അടുത്ത സാമ്ബത്തികവര്‍ഷം ടോള്‍പ്പിരിവിന് അനുമതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. 2004 മുതല്‍ ടോള്‍ പിരിക്കാന്‍ തുടങ്ങിയിട്ടും ഇതുവരെ പാലം കെട്ടിയതിന് മുടക്കിയ തുക മുതലായില്ലെന്നാണ് സര്‍ക്കാര്‍ഭാഷ്യം. 17 കോടി പലിശ സഹിതം തിരിച്ചുകിട്ടണം. ഇതുവരെ കിട്ടിയത് 12 കോടി രൂപയാണെന്ന് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനര്‍ത്ഥം ടോള്‍പ്പിരിവ് തുടരുമെന്നാണ്. നാലുവരിപ്പാത വരുമ്ബോള്‍ ടോള്‍ ഇരട്ടിയാക്കുമെന്ന ഭീഷണിയുമുണ്ട്. കഴിഞ്ഞവര്‍ഷം 2.98 കോടി രൂപയ്ക്കാണ് ടോള്‍ പിരിവിന് കരാര്‍ നല്‍കിയത്. ഈ വര്‍ഷം അത് ഉയരും. ദിവസം 80,000 രൂപയ്ക്കുമേല്‍ പ്രതിദിനവരുമാനം ടോള്‍പ്പിരിവിലൂടെ ഉണ്ടാകുന്നുണ്ട്. മൊത്തവിലസൂചികയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തുവകുപ്പ് കണക്കാക്കുന്ന പ്രത്യേക സൂചിക അടിസ്ഥാനമാക്കിയാണ് ടോള്‍ നിശ്ചയിക്കുന്നത്. കഴിഞ്ഞ സൂചിക 7.08 ആയിരുന്നു. ഇത് 7.50 ആയാല്‍ കാര്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് വാഹനങ്ങള്‍ക്ക് 10 രൂപ നല്‍കേണ്ടിവരും. ടോള്‍പ്പിരിവിന് വീണ്ടും കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ഇതിന്റെ അന്തിമരൂപരേഖയും തയ്യാറാക്കി. ഇനി ടെന്‍ഡര്‍ നടപടികളിലേക്കാണ് കടക്കേണ്ടത്. മാര്‍ച്ച്‌ അവസാനത്തിനുമുമ്ബ് പുതിയ കരാര്‍ നല്‍കിയേക്കും. ടോള്‍പ്പിരിവിനെതിരെ നിരവധി പരാതികളും ആക്ഷേപങ്ങളുമുണ്ടായെങ്കിലും പിരിവ് അതേപടി തുടരുകയാണ്. െറസിഡന്റ്‌സ് അസോസിയേഷനുകളും കഴക്കൂട്ടത്തെ വിവിധ സംഘടനകളും ടോള്‍പ്പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതേസമയം, ടോള്‍പ്പിരിവ് നീട്ടിക്കൊണ്ടുപോകുന്നതിനുപിന്നില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്. വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്താണ് ടോള്‍പ്പിരിവിനുള്ള അടിസ്ഥാന തുക നിശ്ചയിക്കുന്നത്. എന്നാല്‍, കരാറുകാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ വാഹനങ്ങളുടെ എണ്ണം കുറച്ചുകാണിക്കുകയാണ്. ടെക്‌നോസിറ്റിയുടെ രണ്ടാംഘട്ട വികസനം ഉള്‍പ്പെടെയുള്ളവ നടക്കുമ്ബോള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണമുണ്ട്. കരാര്‍ തുക കുറയുന്നത് കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് നേട്ടമാകും. കരാറുകാര്‍ ലേലത്തുക പൂര്‍ണമായും അടയ്ക്കാതെപോയ സംഭവങ്ങളുമുണ്ട്. എന്നാല്‍, അവര്‍ക്കെതിരെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. കാര്‍, ടാക്‌സി, ജീപ്പ്, ഓട്ടോ തുടങ്ങിയ 7000 ലൈറ്റ് വാഹനങ്ങള്‍ ഒരു ദിവസം ടോള്‍ വഴി കടന്നുപോകുന്നുണ്ടെന്നാണ് ഔദ്യോഗിക രേഖ. ഇതില്‍ 2500 വാഹനങ്ങള്‍ മടങ്ങിപ്പോകുന്നുണ്ട്. 1000ല്‍ താഴെ ഭാരം കുറഞ്ഞ വാണിജ്യവാഹനങ്ങളും ഇതില്‍പ്പെടും. ട്രക്ക്, ബസ് വിഭാഗങ്ങളിലായി 442 ഉം, മള്‍ട്ടി ആക്‌സില്‍ ഗണത്തില്‍പ്പെട്ട 25 വാഹനങ്ങളും ദിവസും ടോള്‍ ഗേറ്റ് പിന്നിടുന്നുണ്ട്. എന്നാല്‍, ഇതില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ നേട്ടമുണ്ടാകുന്നത് കരാറുകാര്‍ക്കാണ്. 2000ലാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. നാല് വര്‍ഷത്തിനുശേഷമാണ് ടോള്‍പ്പിരിവ് ആരംഭിച്ചത്. ഏഴര രൂപ മുതല്‍ 33 രൂപ വരെയാണ് ടോള്‍നിരക്ക്. ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നില്ലെങ്കില്‍ കഴക്കൂട്ടത്തെ കൊള്ളപ്പിരിവ് തുടരാനാണ് സാധ്യത.

അഭിപ്രായങ്ങളൊന്നുമില്ല: