2015 മാർച്ച് 21, ശനിയാഴ്‌ച

ഗവര്‍ണര്‍ സദാശിവം കേരളം വിടുന്നു

Image result for ഗവര്‍ണര്‍ സദാശിവം കേരളം വിടുന്നു
കൊച്ചി: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍മാനായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ മെയ് 12 ന് വിരമിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയെ മാത്രമേ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാവൂ എന്നാണ് വ്യവസ്ഥ. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് കമ്മീഷന്‍ ചെയര്‍മാനെ കണ്ടെത്തുക. നിയമനം രാഷ്ട്രപതിയാണ് നടത്തുക. കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടാല്‍ ഗവര്‍ണര്‍ അത് സ്വീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. 2013 ജൂലായ് മുതല്‍ 2014 ഏപ്രില്‍ വരെ ജസ്റ്റിസ് സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. കഴിഞ്ഞ സപ്തംബര്‍ 4-നാണ് തമിഴ്‌നാട് സ്വദേശിയായ അദ്ദേഹത്തെ കേരള ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. ആദ്യമായിട്ടാണ് സുപ്രീംകോടതിയിലെ ഒരു മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ തന്നെ വിശ്രമ ജീവിതം നയിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജസ്റ്റിസ് സദാശിവത്തെ കേന്ദ്രം പരിഗണിക്കുന്നതായി കേട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'മാതൃഭൂമി'യോട് പറഞ്ഞു. പുതിയ പദവി സ്വീകരിച്ച്‌ അദ്ദേഹം ഡല്‍ഹിക്ക് പോയാല്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രേഷ്ഠനായ ന്യായാധിപന്‍ കൂടിയാണ് അദ്ദേഹം. സര്‍ക്കാരുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് പോകുന്നത് നമുക്ക് വലിയ നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: