2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

സിസേറിയനിടെ വയറ്റില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവച്ചു..

 Image result for SURGICAL FAULT
(8 Aug)  19 ദിവസത്തിനു ശേഷം പുറത്തെടുത്തു യുവതിക്ക് അണുബാധ, വയര്‍ പഴുത്തു കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിടെ യുവതിയുടെ ഉദരത്തില്‍ മറന്നുവച്ച സര്‍ജിക്കല്‍ മോപ്പ് പത്തൊന്‍പതാം ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചങ്ങനാശേരി ഇരവിപുരം നെല്ലിക്കാക്കുഴിയില്‍ ജോര്‍ജി തോമസിന്റെ ഭാര്യ പ്രീതി (32) ആണ് ഡോക്ടറുടെ അനാസ്ഥ കാരണം വേദന തിന്നുന്നത്. അണുബാധയും വയറില്‍ പഴുപ്പുമുണ്ട്. നാഗമ്ബടം എസ്.എച്ച്‌ മെഡിക്കല്‍ സെന്ററിലാണ് സിസേറിയന്‍ നടത്തിയത്. ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോ. ഗിരിജാ കുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ചെറിയ പന്തിനോളം വലിപ്പമുള്ള, പഞ്ഞിയും കോട്ടന്‍തുണിയും ചേര്‍ന്ന വസ്തു പുറത്തെടുത്തത്. കഴിഞ്ഞ 20ന് രാത്രി 8.25 നാണ് പ്രീതിക്ക് സിസേറിയന്‍ നടത്തിയത്. അന്ന് മുറിവ് തുടയ്ക്കാന്‍ ഉപയോഗിച്ച മോപ്പാണ് ഉദരത്തില്‍ മറന്നുവച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ വയറുവേദനയും അസ്വസ്ഥതകളുമുണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ കാര്യമാക്കിയില്ല. പത്തു ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത്വീട്ടിലെത്തിയപ്പോഴും പ്രീതിയുടെ അസ്വസ്ഥത തുടര്‍ന്നു. ഇതിനിടെ വയറുവേദന ഗ്യാസ്ട്രബിള്‍ മൂലമെന്ന് കരുതി ഹോമിയോ മരുന്നുകഴിച്ചു. ആശ്വാസം കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ വീണ്ടുമെത്തി. അവി‌ടെ മൂന്നു ദിവസം അഡ്മിറ്റ് ചെയ്ത് വേദന സംഹാരികള്‍ നല്‍കി പറഞ്ഞയച്ചു. കഴിഞ്ഞ 3ന് ചിങ്ങവനം ശ്രീനാരായണ മെഡിക്കല്‍സെന്ററില്‍ നടത്തിയ പരിശോധനയില്‍ വയറുവേദനയുടെ കാരണം അണുബാധയെന്ന് വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അടിവയറ്റില്‍ അസാധാരണമായ ഏതോ വസ്തു കുടുങ്ങിയതായി കണ്ടെത്തി. എം.ആര്‍.ഐ, സി.ടി സ്കാനിംഗുകള്‍ നടത്തിയാണ് വയറ്റില്‍ കുടുങ്ങിയത് സര്‍ജിക്കല്‍ മോപ്പെന്ന് സ്ഥിരീകരിച്ചത്. മോപ്പ് കുടുങ്ങിയ ഭാഗം പഴുപ്പ് ബാധിച്ചതോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. കടുത്ത ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് ജോര്‍ജി തോമസ് പൊലീസില്‍ പരാതി നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല: